അവിശ്വസനീയമായ തിരിച്ചുവരവ്, സിറ്റിയെ കുഴിച്ചുമൂടി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

വ്യാഴം, 5 മെയ് 2022 (15:42 IST)
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ സെമി പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഫൈനലിൽ. സെമിയിൽ അവിശ്വസനീയമായ തിരിച്ചുവരവാണ് റയൽ നടത്തിയത്. ആദ്യപാദ സെമിയിൽ 4-3ന്റെ മുൻതൂക്കവുമായി ഇറങ്ങിയ സിറ്റിയെയാണ് റയൽ തകർത്ത് കളഞ്ഞത്.
 
ബെർണാബ്യൂവിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഫൈനൽ പ്രവേശനത്തിന് റയലിന് വിജയം അനിവാര്യമായിരുന്നു.തൊണ്ണൂറാം മിനുട്ട് വരെ പുറകിലായിരുന്ന റയൽ ഞൊടിയിടയിലാണ് രണ്ട് ഗോളുകൾ അടിച്ചുകൊണ്ട് കളി തിരിച്ചുപിടിച്ചത്. ആദ്യ പകുതിയിൽ നന്നായി കളിച്ചെങ്കിലും റയലിനും സിറ്റിക്കും ഗോൾ നേടാനായിരുന്നില്ല.
 
72-ാം മിനുട്ടിൽ മഹ്റസിലൂടെ സിറ്റി മുന്നിലെത്തി. എന്നാല്‍ സബായി മൈതാനത്തെത്തിയ റോഡ്രിഗോ കളി മാറ്റി. 90-ാം മിനുട്ടിൽ കരീം ബെൻസെമയുടെ അസിസ്റ്റിൽ റോഡ്രിഗോയുടെ ആദ്യ ഗോൾ. അഗ്രിഗേറ്റ് സ്കോർ 4-5. നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കാർവഹാലിന്‍റെ ക്രോസിൽ റോഡ്രിഗോയുടെ ഹെഡറും വലയിലെത്തിയതോടെ സ്വപ്‌നസമാനമായ വിജയം. ഇതോടെ കളി അധികസമയത്തിലേക്ക് നീണ്ടു.
 
പെട്ടെന്ന് കിട്ടിയ പെനാൾട്ടി ബെൻസെമ ലക്ഷ്യത്തിൽ എത്തിച്ചതോടെ ബെർണാബ്യൂവിലെ ആരാധകര്‍ ആനന്ദനൃത്തമാടുകയായിരുന്നു. ബെൻസേമയെ പിൻവലിക്കേണ്ടിവന്നെങ്കിലും ഫൈനലിലേക്ക് രാജകീയമായി റയലിന്റെ പ്രവേശനം. ഇതോറെ അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്ന ആദ്യ പരിശീലകൻ എന്ന നേട്ടം കാർലോ ആഞ്ചലോട്ടിക്ക് സ്വന്തമായി. ക്ലോപ്പിന്റെ ലിവർപൂളാണ് ഫൈനലിൽ റയലിന്റെ എതിരാളികൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍