കൊറോണ പേടി, ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ഏപ്രിൽ 3 വരെ നിർത്തിവെച്ചു, ആഴ്സണൽ അടക്കം ആറ് ക്ലബുകൾ നിരീക്ഷണത്തിൽ
ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്റെ പരിശീലകൻ മൈക്കൽ അർട്ടേറ്റയ്ക്കും ചെൽസി കളിക്കാരൻ കല്ലം ഹഡ്സൻ ഒഡോയിക്കും കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 3 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പടെ ഇംഗ്ലണ്ടിലെ എല്ലാ ഫുട്‌ബോൾ മത്സരങ്ങളും നിർത്തിവെയ്‌ക്കാൻ തീരുമാനമായി. കൊവിഡ് 19നെ തുടർന്ന് ഫ്രഞ്ച് ഫുട്ബോൾ ലീഗിലെ മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്.
ചില കളിക്കാർ കൊവിഡ് 19 ന്റെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ലെസ്റ്റർ സിറ്റി, വാറ്റ്ഫഡ്, എവർട്ടൻ, വെസ്റ്റ്‌ഹാം യുണൈറ്റഡ് എന്നീ നാല് ക്ലബുകളും തങ്ങളുടെ മുഴുവൻ കളിക്കാരെയും ടീമിനൊപ്പമുള്ളവരെയും ക്വറന്റൈൻ ചെയ്‌തിരിക്കുകയാണ്.ഇറ്റാലിയൻ ക്ലബ് യുവെന്റസ് മുഴുവൻ താരങ്ങൾക്കും സമ്പർക്ക വിലക്കേർപ്പെടുത്തി.മറ്റൊരു ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിലെ താരങ്ങളും ഐസൊലേഷനിലാണുള്ളത്.