മുസ്ലീമുകൾക്കെതിരെയുള്ള ചൈനീസ് നിലപാടിനെ വിമർശിച്ച് മെസ്യൂട്ട് ഓസിൽ, ആഴ്സണൽ-സിറ്റി മത്സരത്തിന്റെ സംപ്രേക്ഷണം ചൈന റദ്ദാക്കി

അഭിറാം മനോഹർ

ചൊവ്വ, 17 ഡിസം‌ബര്‍ 2019 (11:31 IST)
ചൈനീസ് സർക്കാറിനെതിരെയുള്ള ആഴ്സണൽ ഫുട്ബോൾ താരം മെസ്യൂട്ട് ഓസിലിന്റെ വിമർശനങ്ങളെ തുടർന്ന് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ മത്സരം ചൈന സംപ്രേക്ഷണം ചെയ്തില്ല. സി സി ടി വിയാണ് മത്സരം ചൈനയിൽ സംപ്രേക്ഷണം ചെയ്തിരുന്നത് എന്നാൽ ചൈനീസ് സർക്കാർ നിലപാടുകളെ വിമർശിച്ചതിനാൽ സംപ്രേക്ഷണം ഒഴിവാക്കുകയായിരുന്നു.
 
ചൈനയിൽ മുസ്ലീം മതവിശ്വാസങ്ങളെ സർക്കാർ അടിച്ചമർത്തുകയാണ്. പള്ളികൾ അടച്ചു പൂട്ടുന്നു. ഖുറാൻ നശിപ്പിക്കുന്നു. ജനങ്ങൾക്ക് ഇതിനെതിരെയെല്ലാം പ്രതികരിക്കാനുള്ള സാഹചര്യം പോലും ചൈനയിലില്ല എന്നായിരുന്നു ഓസിലിന്റെ വിമർശനം. ഈയൊരു പരാമർശത്തിലാണ് മത്സരത്തിന്റെ സംപ്രേക്ഷണം ചൈന റദ്ദാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.
 
എന്നാൽ ക്ലബെന്ന നിലയിൽ എല്ലായിപ്പോഴും രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കാറുണ്ടെന്നും ഓസിലിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും വിഷയത്തിൽ ആഴ്സണൽ പ്രതികരിച്ചു. ഓസിലിന്റെ പരാമർശം ചൈനയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നായിരുന്നു വിഷയത്തിൽ ചൈനീസ് ഫുട്ബോൾ അസോസിയേഷന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍