Koneru Humpy vs Divya Deshmukh: വനിതാ ലോകകപ്പ് ചെസ് ചാമ്പ്യൻ ആരെന്ന് ഇന്നറിയാം, കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് ട്രൈബ്രേയ്ക്കർ പോരാട്ടം വൈകീട്ട്

അഭിറാം മനോഹർ

തിങ്കള്‍, 28 ജൂലൈ 2025 (13:02 IST)
Koneru Humpy
വനിതാ ചെസ് ലോകകപ്പ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖുമാണ് ലോകചാമ്പ്യനാകാനുള്ള പോരാട്ടത്തില്‍ ട്രൈബ്രേയ്ക്കറില്‍ ഇന്ന് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 4:35നാണ് ട്രൈ ബ്രേയ്ക്കര്‍ തുടങ്ങുക. ഫൈനലിലെ 2 ക്ലാസിക്കല്‍ മത്സരങ്ങളും സമനിലയിലായതോടെയാണ് കിരീടപോരാട്ടം ട്രൈബ്രേയ്ക്കറിലേക്ക് നീണ്ടത്.
 
41 നീക്കങ്ങള്‍ക്ക് ശേഷമായിരുന്നു ആദ്യ മത്സരം സമനിലയിലായത്. രണ്ടാം മത്സരം 34 നീക്കങ്ങള്‍ മാത്രമാണ് നീണ്ടുനിന്നത്. റാപ്പിഡ്, ബ്ലിറ്റ്‌സ് ഫോര്‍മാറ്റുകളിലാകും ട്രൈ ബ്രേയ്ക്കര്‍ മത്സരങ്ങള്‍ നടക്കുക. ഓരോ നീക്കത്തിനും 10 സെക്കന്‍ഡ് ഇന്‍ക്രിമന്റുള്ള 10 മിനിറ്റുള്ള 2 റാപ്പിഡ് ഗെയിമാണ് ആദ്യം. ഈ രണ്ട് കളികളും സമനിലയിലായാല്‍ ഓരോ നീക്കത്തിനും 3 സെക്കന്‍ഡ് ഇന്‍ക്രിമെന്റുള്ള അഞ്ച് മിനിറ്റ് വീതമുള്ള 2 റാപ്പിഡ് ഗെയിം മത്സരങ്ങളും നടത്തും. ഇതും സമനിലയിലായാല്‍ ബ്ലിറ്റ്‌സ് മത്സരങ്ങള്‍ നടക്കും.
 
3 മിനിറ്റുള്ള 2 ഗെയിമുകളാണ് ബ്ലിറ്റ്‌സ് ഫോര്‍മാറ്റിലൂടെയുണ്ടാവുക. ആദ്യ 2 മത്സരങ്ങളിലെ ഫലം തുല്യമായാല്‍ ജേതാവിനെ കണ്ടെത്തുന്നത് വരെ മത്സരം നീളും. ഇരുവരില്‍ ആര് വിജയിച്ചാലും വനിതാ ചെസിലെ ലോകചാമ്പ്യന്‍ ഒരു ഇന്ത്യന്‍ താരമാകും. ജേതാവിന് 41 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാരിക്ക് 29 ലക്ഷം രൂപയുമാണ് സമ്മാനതുകയായി ലഭിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍