ബാറ്റ് ചെയ്യുന്നത് ആസാദ് കശ്മീരില്‍ നിന്നുള്ള താരം, കമന്ററിക്കിടെ വിവാദമായി സന മിറിന്റെ പരാമര്‍ശം, വനിതാ ലോകകപ്പിലും വിവാദം

അഭിറാം മനോഹർ

വെള്ളി, 3 ഒക്‌ടോബര്‍ 2025 (11:40 IST)
വനിതാ ഏകദിന ലോകകപ്പിലെ പാകിസ്ഥാന്‍- ബംഗ്ലാദേശ് മത്സരത്തിനിടെ മുന്‍ പാക് ക്യാപ്റ്റനായ സന മിര്‍ നടത്തിയ കമന്ററി വിവാദത്തില്‍. മത്സരത്തില്‍ പാകിസ്ഥാന്‍ ബാറ്റിങ്ങിനിടെ പാക് താരം നതാലിയ പര്‍വേസ് ബാറ്റ് ചെയ്യവെ ആസാദ് കശ്മീരില്‍ നിന്നുള്ള താരമെന്നാണ് സന മിര്‍ നതാലിയയെ വിശേഷിപ്പിച്ചത്. ഐസിസി ടൂര്‍ണമെന്റുകളില്‍ രാഷ്ട്രീയപരാമര്‍ശം ഒഴിവാക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സന മിറിന്റെ പരാമര്‍ശം ചട്ടലംഘനമാണെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
 
 മത്സരത്തിലേക്ക് രാഷ്ട്രീയം വലിച്ചിടാന്‍ സന മിര്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത് നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയത്. ഐസിസിയെയും ബിസിസിഐയേയും ടാഗ് ചെയ്തുകൊണ്ട് സനയെ കമന്ററി പാനലില്‍ നിന്നും പുറത്താക്കണമെന്നും ആരാധകര്‍ ശക്തമായി ആവശ്യപ്പെടുന്നു. ഏഷ്യാകപ്പില്‍ പാക് താരങ്ങള്‍ നടത്തിയ ഫൈറ്റര്‍ അനുകരണവും ബാറ്റിനെ തോക്കാക്കികൊണ്ടുള്ള ആഘോഷവുമെല്ലാം ഉണ്ടാക്കിയ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് വനിതാ ലോകകപ്പിലും പുതിയ വിവാദമുണ്ടായിരിക്കുന്നത്.
 
ടൂര്‍ണമെന്റില്‍ ഒക്ടോബര്‍ അഞ്ചിനാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നടക്കുന്നത്. ഏഷ്യാകപ്പിന് സമാനമായി ലോകകപ്പിലും പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീം ഹസ്തദാനം നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങളില്‍ താത്പര്യമില്ലെന്നും ക്രിക്കറ്റില്‍ മാത്രമാണ് ശ്രദ്ധയെന്നും നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ ഇത് സംബന്ധിച്ച നിര്‍ദേശം ടീമിന് നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍