ലിവർപൂളിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അപരാജിത കുതിപ്പ് കണ്ട് സങ്കടപ്പെട്ടാണ് പത്ത് വയസ്സുക്കാരനായ കർലി ഒരു കളിയെങ്കിലും തോൽക്കാൻ ആവശ്യപ്പെട്ട് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പിന് കത്തയച്ചത്. കത്തയച്ച സംഭവം അപ്പോൾ തന്നെ വലിയ വാർത്തയായിരുന്നു. കർലിയുടെ വികാരം മനസ്സിലാക്കുന്നുവെന്നും തോൽക്കാൻ നിർവാഹമില്ലെന്നുമായിരുന്നു ക്ലോപ്പ് കത്തിന് മറുപടിയായി പറഞ്ഞത്. എന്നാൽ പിന്നീട് നടന്ന മൂന്നു കളികളിലും ലിവർപൂൾ ഒരു ഗോൾ പോലും നേടാതെ ലിവർപൂൾ പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണാനായത്.
ചൊവ്വാഴ്ച്ച രാത്രി എഫ്എ കപ്പിൽ ചെൽസിയോട് 2–0 നു ലിവർപൂൾ തോറ്റതോടെയാണ് കർലിയുടെ കത്ത് വീണ്ടും വാർത്തയായത്. ചാംപ്യൻസ് ലീഗിൽ അത്‍ലറ്റിക്കോ മഡ്രിഡിനോടും (1–0) ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ വാറ്റ്ഫഡിനോടും (3–0) തോറ്റതിന് പിന്നാലെയാണ് ലിവർപൂൾ ചെൽസിയോട് തോറ്റ് എഫ് എ കപ്പിൽ നിന്നും പുറത്തായത്. ഇതോടെ കർലിയുടെ ശാപമാണ് ലിവർപൂളിന്റെ തോൽവികൾക്കു പിറകിലെന്നു പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ആരാധകർ. കർലിയുടെ ശാപം എത്രത്തോളം നീണ്ട് നിൽക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകവും.