Lamine Yamal: മെസ്സിയുടെ കരസ്പര്‍ശമേറ്റ് തുടക്കം, മെസ്സിയെ പോലെ ലാ മാസിയയില്‍, യൂറോ കപ്പില്‍ സ്പാനിഷ് ഫുട്‌ബോളിന്റെ ഇളമുറ തമ്പുരാനായി 16കാരന്‍ യമാലിന്റെ പട്ടാഭിഷേകം

അഭിറാം മനോഹർ
ബുധന്‍, 10 ജൂലൈ 2024 (14:13 IST)
Messi,Lamine Yamal
അന്താരാഷ്ട്ര ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ- ലയണല്‍ മെസ്സി എന്നിവര്‍ സൃഷ്ടിക്കുന്ന വിടവ് നികത്താനായി ഏതെല്ലാം താരങ്ങളായിരിക്കും അവതരിക്കുക എന്നത് കുറച്ച് കാലങ്ങളായുള്ള ചര്‍ച്ചയാണ്. മെസ്സി- ക്രിസ്റ്റ്യാനോ പോരാട്ടത്തിന് ശേഷം എംബാപ്പെ- ഹാലന്‍ഡ് പോരാട്ടമാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം നിറം മങ്ങിയ പ്രകടനങ്ങളാണ് ഇരു താരങ്ങളും നടത്തിയത്. ഇതിനിടെ ജൂഡ് ബെല്ലിങ്ഹാം, ജമാല്‍ മുസിയാല,അര്‍ഡേ ഗുള്ളര്‍,വിനീഷ്യസ് ജൂനിയര്‍ തുടങ്ങി ഒട്ടേറെ താരങ്ങളാണ് പ്രതീക്ഷ നല്‍കികൊണ്ട് രംഗത്ത് വന്നത്. അതില്‍ അവസാന പേരുകാരിൽ ഒന്ന് ബാഴ്‌സലോണയുടെ വണ്ടര്‍ കിഡ് എന്നറിയപ്പെടുന്ന സ്പാനിഷ് താരം ലാമിന്‍ യമാലാണ്.
 
 യൂറോ 2024ല്‍ 16കാരനായ യമാല്‍ മികച്ച പ്രകടനം തന്നെ സ്‌പെയിനിനായി പുറത്തെടുക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും മെസ്സിയുടെ പാതയിലേക്കാണ് തന്റെ വരവെന്ന് ആ പതിനാറുകാരന്റെ പ്രഖ്യാപനത്തിനാണ് ലോകം ഇന്ന് സാക്ഷിയായിരിക്കുന്നത്. സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ നേടിയ അത്ഭുത ഗോള്‍ നേട്ടത്തോടെ സ്പാനിഷ് ഫുട്‌ബോളിന്റെ ഭാവിയും ലോക ഫുട്‌ബോളിനെ തന്നെ കാല്‍ക്കീഴിലാക്കുന്ന താരവും താന്‍ തന്നെയാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യമാല്‍. ഫ്രാന്‍സിനെതിരെ നേടിയ ഗോളോടെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി മാറാനും യമാലിനായി.
 
നിലവില്‍ 16 വര്‍ഷവും 362 ദിവസവുമാണ് യമാലിന്റെ നിലവിലെ പ്രായം. യമാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കഴിഞ്ഞ ദിവസം അഞ്ച് മാസം പ്രായമുള്ള യമാലിനെ കുളിപ്പിക്കുന്ന അര്‍ജന്റീന ഇതിഹാസ താരമായ ലയണല്‍ മെസ്സിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2007ല്‍ ബാഴ്‌സലോണ താരമായിരുന്ന ലയണല്‍ മെസ്സി യൂനിസെഫ് നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടിലാണ് കുഞ്ഞു യമാലിനൊപ്പം പ്രത്യക്ഷപ്പെട്ടത്. മിശ്ശിഹയുടെ കരസ്പര്‍ശം ഏറ്റതിന് ശേഷം കുഞ്ഞുയമാലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നത് ചരിത്രം.
 
 മെസ്സിയുടെ വഴി തന്നെ പിന്തുടര്‍ന്ന് കുഞ്ഞുയമാലിനെ വിരിയിച്ചെടുത്തത് ലാ മാസിയ എന്ന മെസ്സിക്ക് ജന്മം നല്‍കിയ ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ അക്കാദമിയായിരുന്നു. മെസ്സിക്കൊപ്പം കളിക്കാന്‍ സാധിച്ചില്ലെങ്കിലും ഇരുവരും ബാഴ്‌സലോണ ക്ലബിന്റെ ഭാഗങ്ങള്‍ തന്നെയായിരുന്നു. മെസ്സിക്ക് ശേഷം ലാ മാസിയയില്‍ നിന്നും പുറത്തെത്തിയ പല താരങ്ങള്‍ക്കും ബാഴ്‌സലോണയില്‍ ആ മാജിക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും യമാലിന്റെ മുകളില്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ഈ പ്രതീക്ഷകള്‍ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതാണ് യൂറോ സെമിഫൈനല്‍ മത്സരത്തില്‍ യമാലിന്റെ കാലില്‍ നിന്ന് വന്ന മാന്ത്രിക ഗോള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article