ബ്രസീലിന് മൊറോക്കൻ ഷോക്ക്, ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി

ഞായര്‍, 26 മാര്‍ച്ച് 2023 (10:09 IST)
ബ്രസീൽ ആരാധകരും വീണ്ടും നിരാശയുടെ പടുകുഴിയിൽ തള്ളിയിട്ട് തോൽവി. ലോകകപ്പിന് ശേഷം ആദ്യമായി നടന്ന സൗഹൃദമത്സരത്തിൽ മൊറോക്കയുമായി 2-1നാണ് പേരുകേട്ട ബ്രസീലിയൻ ടീം അടിയറവ് പറഞ്ഞത്. മത്സരം അവസാനിക്കാൻ 10 മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അബ്ദളമിദ് സാബിരി നേടിയ ഗോളിനാണ് ബ്രസീൽ പരാജയപ്പെട്ടത്.  കാസമീറോയാണ് ബ്രസീലിൻ്റെ ആശ്വാസഗോൾ നേടിയത്.
 
മത്സരത്തിൻ്റെ 29ആം മിനിറ്റിൽ സോഫിയാൻ ബൗഫലിലൂടെ ലീദ് നേടിയെങ്കിലും ഗോൾ കീപ്പർ യാസീൻ ബൗണോ പിഴവ് വരുത്തിയതോടെ കാസമീറോയിലൂടെ ബ്രസീൽ സമനില പിടിച്ചു. പ്രതിരോധത്തിൽ നിന്നും വ്യത്യസ്തമായ ആക്രമണോത്സുകമായ ഫുട്ബോളാണ് മൊറോക്കൊ കളിച്ചത്. ലോകകപ്പിലെ നാലാം സ്ഥാനക്കാരെന്ന പെരുമയെ അടിവരയിടുന്ന പ്രകടനമാണ് ടീം നടത്തിയത്.
 
 അതേസമയം പരിക്കേറ്റ നിരവധി താരങ്ങളില്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടീം പരാജയമായപ്പോൾ അവസരങ്ങൾ മുതലാക്കുന്നതിൽ മുൻനിരയും പരാജയപ്പെട്ടു. ഇതിനിടെ വിനീഷ്യസ് ജൂനിയർ നേടിയ ഗോൾ ഓഫ്സൈഡായതും തിരിച്ചടിയായി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍