വിരമിച്ചിട്ടും ക്ലോസെ ജര്‍മ്മന്‍ ഫുട്ബോളിനെ കൈവിടുന്നില്ല

Webdunia
ചൊവ്വ, 1 നവം‌ബര്‍ 2016 (19:34 IST)
ജര്‍മ്മന്‍ ഫുട്ബോൾ താരം മിറോസ്ലാവ് ക്ലോസെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിച്ചു. വിരമിക്കലിനുശേഷം ക്ലോസെ ജർമ്മൻ ഫുട്ബോൾ ടീമിന്റെ സഹപരിശീലകനാകുമെന്നു റിപ്പോർട്ടുകളുണ്ട്.

2014 ലോകകപ്പിനുശേഷം ക്ലോസെ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിച്ചിരുന്നെങ്കിലും ക്ലബ് ഫുട്ബോളിൽ തുടർന്നിരുന്നു. ഏറ്റവും ഒടുവിലായി ഇറ്റാലിയൻ ലീഗിൽ ലാസിയോയ്ക്കുവേണ്ടിയാണ് 38കാരനായ ക്ലോസെ കളിക്കാനിറങ്ങിയത്.

ജർമ്മനിയുടെ റെക്കോഡ് സ്കോറർ ആയ ക്ലോസെ 71 ഗോളുകൾ നേടിയിട്ടുണ്ട്. നാലു ലോകകപ്പ് ടൂർണമെന്റുകളിൽ നിന്നായി ക്ലോസെ നേടിയ 16 ഗോൾ ചരിത്രനേട്ടമാണ്.

ഹാംബർഗ്, വെർഡെർ ബ്രമൻ, ബയേൺ മ്യൂണിച്ച് ക്ലബ്ബുകൾക്കുവേണ്ടിയും അദ്ദേഹം ബൂട്ടുകെട്ടിയിട്ടുണ്ട്. ബയേണിനായി രണ്ടു ബുണ്ടസ്ലിഗ കിരീടങ്ങൾ സ്വന്തമാക്കാനും ക്ലോസെയ്‌ക്കായി.

നിലവിലെ പരിശീലകന്‍ ജോക്വിം ലോയുടെ കരാർ 2020 വരെ നീട്ടിയിട്ടുണ്ടെങ്കിലും അതിനുശേഷം ക്ലോസെ ടീമിന്റെ പരിശീലകന്‍ ആകാനും സാധ്യതയുണ്ട്. ജോക്വിം ലോയുടെ കീഴില്‍ ക്ലോസെയെ തികഞ്ഞ പരിശീലകനായി വളര്‍ത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജര്‍മ്മന്‍ ഫോട്‌ബോള്‍ അധികൃതര്‍.
Next Article