ചാമ്പ്യന്‍സ‍് ലീഗ് ഗ്രൂപ്പ് മൽസരത്തിൽ ലുദോഗോറെറ്റ്സിനെതിരെ ജര്‍മ്മന്‍ താരം മൊസ്യൂട്ട് ഓസില്‍ നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നു. ബാഴ്‌സലോണയുടെ ഡ്രബ്‌ലിങ് രാക്ഷസന്‍ ലയണല്‍ മെസിയെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഗോളായിരുന്നു ആഴ്‌സണല്‍ താരം ഓസില്‍ നേടിയത്.
രണ്ടു ഗോളിന് മുന്നിലായിരുന്ന ലുദോഗോറെറ്റ്സിനെതിരെ ആഴ്‌സണല്‍ തോല്‍വി ഏറ്റുവാങ്ങുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ഇടവേളയ്‌ക്കുള്ള വിസില്‍ മുഴങ്ങുന്നതിന് മുമ്പ് തന്നെ ഗ്രാനിറ്റ് സാക്കയും ഒളിവർ ജിരൂദും ഗോളുകള്‍ നേടിയതോടെ ആഴ്‌സലിന് സമനില സ്വന്തമായി.
സമനിലയോടെ കളി പിരിയുമെന്ന് തോന്നിച്ചപ്പോഴാണ് ഓസിലിന്റെ അത്ഭുത ഗോള്‍ പിറന്നത്. നീളന്‍ പാസ് ഓസിലിന്റെ കാലില്‍ എത്തുമ്പോള്‍ സമീപത്തുണ്ടായിരുന്നത് എതിർ ടീം ഡിഫൻഡർമാർ മാത്രം. അവരാകട്ടെ ഓസിലിന് അടുത്തായിരുന്നുമില്ല.
പന്തുമായി കുതിച്ച ഓസിലിന്റെ നീക്കത്തിൽ അപകടം മണത്ത ലുദോഗോറെറ്റ്സ് ഗോൾകീപ്പർ മുന്നോട്ടുകയറി വന്നെങ്കിലും ഗോളിയുടെ തലയ്‌ക്കു മുകളിലൂടെ ഓസിൽ പന്ത് ചിപ്പ് ചെയ്ത് മുന്നോട്ടിട്ടു. വീണുപോയ ഗോളിയെ കടന്ന് ഓസിൽ പന്ത് കൈക്കലാക്കിയെങ്കിലും രണ്ട് പ്രതിരോധനിരക്കാർ തടയാനെത്തി. ഇവരെ വിദഗ്ധമായി വെട്ടിയൊഴിഞ്ഞ ഓസിൽ പന്ത് നേരെ വലയിലാക്കുകയായിരുന്നു.