വെറും രണ്ട് ലോകകപ്പുകൾ കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നു, അവിശ്വസനീയമായ ഫോമിൽ എമ്പാപ്പെയുടെ തേരോട്ടം

Webdunia
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (14:49 IST)
പോളണ്ടിനെതിരായ മത്സരത്തിലെ ഇരട്ടഗോളുകളോടെ ഖത്തർ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ഒന്നാമനായി ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെ.  ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തോടെ എംബാപ്പെയുടെ ലോകകപ്പിലെ ഗോൾ നേട്ടം 9 എണ്ണമായി. കഴിഞ്ഞ ദിവസമായിരുന്നു ഇതിഹാസതാരമായ ലയണൽ മെസ്സി ലോകകപ്പിൽ തൻ്റെ ഒമ്പതാം ഗോൾ കണ്ടെത്തിയത്.
 
അഞ്ച് ലോകകപ്പുകളിലെ 23 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ ഗോൾ നേട്ടമെങ്കിലും വെറും 11 ലോകകപ്പ് മത്സരങ്ങളിൽ നിന്നാണ് എംബാപ്പെ 9 ഗോൾ കണ്ടെത്തിയത്. 24 വയസിനിടെ ഏറ്റവുമധികം ലോകകപ്പ് ഗോളുകളെന്ന നേട്ടം പെലെയിൽ നിന്നും എംബാപ്പെ സ്വന്തമാക്കുകയും ചെയ്തു.ഒന്നിലധികം ലോകകപ്പുകളില്‍ നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി.
 
ഇതിഹാസതാരമായ ഡീഗോ മാറഡോണ,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം എംബാപ്പെയ്ക്ക് പുറകിലാണ്. നാല് ലോകകപ്പുകളിൽ നിന്നും 16 ഗോൾ നേടിയ ജർമൻ താരം മിറോസ്ലാവ് ക്ലോസെയാണ് ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ളത്. വെറും 24 വയസുള്ള എംബാപ്പെയ്ക്ക് മുന്നിൽ 3 ലോകകപ്പുകൾ കൂടി ഉണ്ട് എന്നതിനാൽ വൈകാതെ തന്നെ ക്ലോസെയുടെ റെക്കോർഡ് എംബാപ്പെ സ്വന്തമാക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article