ആശാനെ ഹാപ്പി ബര്‍ത്ത് ഡേ ടു യു: അര്‍ജന്റീനയുടെ സ്‌കലോണി ആശാന് ഇന്ന് പിറന്നാള്‍

ചൊവ്വ, 16 മെയ് 2023 (17:42 IST)
സമീപകാലത്ത് അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയ ടീം എന്ന ചോദ്യത്തിന് അര്‍ജന്റീന എന്ന ഉത്തരമെ ഫുട്‌ബോള്‍ പ്രേമികള്‍ക്കുണ്ടാകു. എന്നാല്‍ 2019ല്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ നാണംകെട്ട് പുറത്തായ അര്‍ജന്റീന ചാരമായി മാറിയെന്നാണ് ഫുട്‌ബോള്‍ ലോകം തന്നെ വിധിയെഴുതിയത്. ഈ ടീമിന് സ്ട്രക്ചറില്ല, വ്യക്തമായ പ്ലാനില്ല എന്നാണ് വിഖ്യാത കമന്റേറ്ററായ പീറ്റര്‍ ഡ്യൂറി അര്‍ജന്റീനയെ അന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ ആ ചാരത്തില്‍ നിന്നും അവിശ്വസനീയമായ തിരിച്ചുവരവാണ് അര്‍ജന്റീന നടത്തിയത്.
 
അര്‍ജന്റീനയുടെ തിരിച്ചുവരവിന് കളമൊരുക്കിയതാകട്ടെ അന്ന് വരെ അര്‍ജന്റീനയില്‍ പോലും അത്ര പ്രശസ്തനല്ലാത്ത ലയണല്‍ സ്‌കലോണി എന്ന തന്ത്രജ്ഞന്റെ സാന്നിധ്യവും. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ കോപ്പ അമേരിക്ക കിരീടം നാട്ടിലെത്തിച്ച സ്‌കലോണി ഫൈനലിസമയും ലോകകപ്പും നേടി അര്‍ജന്റീനയുടെ കാലങ്ങളായുള്ള കിരീട വരള്‍ച്ചയ്ക്ക് അറുതിയിട്ടു. അര്‍ജന്റീനയുടെ സ്വന്തം ആശാനായ സ്‌കലോണിയുടെ നാല്‍പ്പത്തിയഞ്ചാം പിറന്നാള്‍ ഇന്ന് രാജ്യം ആഘോഷിക്കുകയാണ്.
 
മെസ്സിയെ സ്വതന്ത്രനായി കളിക്കാന്‍ ഇടം നല്‍കുക എന്ന പദ്ധതിയായിരുന്നു സ്‌കലോണി ടീമില്‍ നടപ്പിലാക്കിയത്. മെസ്സി ഇല്ലാതെയും കളിക്കാനാകുന്ന ഒരു സംഘത്തെ സ്‌കലോണി സൃഷ്ടിച്ചു. ടീമിലെ എല്ലാ നീക്കങ്ങളും മെസ്സിയെ ആശ്രയിച്ച് എന്നതില്‍ നിന്ന് മാറി മെസ്സിക്ക് പന്തെന്തിക്കുകയും സ്വതന്ത്രമായി കളിക്കാന്‍ ഇടം നല്‍കുകയും ചെയ്യുന്ന ഒരു സംവിധാനം സ്‌കലോണി ഒരുക്കിയപ്പോള്‍ അതുണ്ടാക്കിയ ഫലങ്ങള്‍ അത്ഭുതകരമായിരുന്നു. വെറും ചാരമായിരുന്ന ഒരു സംഘം പിന്നീട് തൊട്ടതെല്ലാം പൊന്നാക്കി. 2018 ഓഗസ്റ്റ് മൂന്നിന് അര്‍ജന്റീന പരിശീലകനായി ചുമതലയേറ്റ സ്‌കലോണിക്ക് കീഴില്‍ 59 മത്സരങ്ങളാണ് അര്‍ജന്റീന ജയിച്ചത്. ഇതില്‍ 39 എണ്ണത്തില്‍ അര്‍ജന്റീന ജയിച്ചു. 15 മത്സരങ്ങള്‍ സമനിലയും അഞ്ചെണ്ണത്തില്‍ ടീം തോല്‍ക്കുകയും ചെയ്തു. ഇക്കാലയളവില്‍ 122 ഗോള്‍ ടീം നേടിയപ്പോള്‍ 35 ഗോള്‍ മാത്രമാണ് അര്‍ജന്റീന വഴങ്ങിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍