ഇത് നാണക്കേട്, രണ്ട് വട്ടം ലീഡ് നേടിയും മത്സരം കൈവിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്

അഭിറാം മനോഹർ
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (15:34 IST)
മത്സരത്തിൽ തുടക്കം മുതൽ മികച്ച രീതിയിൽ കളിക്കുക,അവസരങ്ങൾ സൃഷ്ടിച്ച് അവിശ്വസനീയമായ രീതിയിൽ ജയിക്കാവുന്ന മത്സരങ്ങൾ കൈവിടുക. പറ്റുമെങ്കിൽ അവസാന നിമിഷം ഒരു ഗോൾ കൂടി വഴങ്ങി എതിർ ടീമിനെ പട്ടികയിൽ മുന്നിലെത്തിക്കുക. ആദ്യ മത്സരത്തിൽ കൊൽക്കത്തക്കെതിരെ കാഴ്ചവെച്ച മികച്ച പ്രകടനത്തിന് ശേഷം കേരളാ ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ സീസണിൽ ആവർത്തിക്കുന്നത് ഇതെല്ലാമാണ്.
 
നിറഞ്ഞുകവിയുന്ന സ്റ്റേഡിയത്തിൽ തങ്ങൾക്കായി ആർപ്പുവിളിക്കാൻ എത്തിയ ആരാധകരെ നിരാശരാക്കുന്ന പതിവ് ഇത്തവണയും തെറ്റിക്കുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള മത്സരം. മത്സരത്തിൽ രണ്ട് തവണ ലീഡ് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് കിട്ടുമായിരുന്ന മൂന്ന് പോയിറ്റുകൾ കളഞ്ഞുകുളിച്ചത് മത്സരത്തിന്റെ ഇഞ്ചുറി സമയത്താണ്.
 
വിജയം ഉറപ്പിച്ച ആലസ്യത്തിൽ കളിച്ചതാണ് ഇത്തവണ കേരളാ ടീമിന് വിനയായത്. കളി ആരംഭിച്ച ആദ്യനിമിഷത്തിൽ തന്നെ സെർജിയോ സിഡോഞ്ച (രണ്ട്)യിലൂടെ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ കാണികൾക്ക് ആവേശകരമായൊരു മത്സരം ഒരുക്കും എന്നത് എല്ലാവരും തന്നെ കരുതിയിരുന്നത്. എന്നാൽ സെനഗൽ താരം മൊർത്താദ ഫാളിലൂടെ (42) എഫ് സി ഗോവ മത്സരത്തിൽ സമനില സ്വന്തമാക്കി. മത്സരത്തിൽ മൊർത്താദ ഫാൾ 52മത് മിനിറ്റിൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനെ തുടർന്ന് രണ്ടാം പകുതിയിൽ പത്ത് പേരുമായി കളിച്ച എഫ് സി ഗോവക്കെതിരെ കാമറൂൺ താരം റാഫേൽ മെസ്സി (59)യിലൂടെ ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിക്കുകയായിരുന്നു. 
 
ഇത്തവണയെങ്കിലും ഒരു വിജയം എന്ന കാണികളുടെ ന്യായമായ ആഗ്രഹങ്ങൾക്ക് മുന്നിൽ കളിച്ച ബ്ലാസ്റ്റേഴ്സ് കളിയുടെ മുഴുവൻ സമയം അവസാനിക്കുന്നത് വരെയും ജയിക്കും എന്ന തോന്നലാണ് സൃഷ്ടിച്ചത്. എന്നാൽ മത്സരത്തിന്റെ 92മത് മിനുറ്റിൽ ലെനി റോഡ്രിഗസിന്റെ ഷോട്ട് ഗോളി രഹ്നേഷിനേയും മറികടന്ന് വലയിലെത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തലയില്‍ കൈവെച്ചുപോയി. ഉറപ്പായിരുന്ന മൂന്ന് പോയിന്റുകളാണ് അലസ്യം മൂലം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. 
 
ആറ് കളികളിൽ ഇത് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത് സമനിലയാണ്.ആറു കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഇപ്പോൾ എട്ടാമതാണുള്ളത്.  കൊൽക്കത്തക്കെതിരെ നേടിയ ഒരൊറ്റ ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ ഉള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article