ടി20 ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓസീസ് ടീമിലേക്ക് റിസര്‍വ് താരങ്ങളായി 2 പേരെ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടാതെ പോയ ജാക് ഫ്രേസര്‍ മക് ഗുര്‍ക്,മാത്യു ഷോര്‍ട്ട് എന്നിവരെ ട്രാവലിംഗ് റിസര്‍വ് താരങ്ങളായാണ് ടീമിലേക്ക് പരിഗണിക്കുന്നത്. ഷോര്‍ട്ടിനെ നേരത്തെ തന്നെ ട്രാവലിംഗ് റിസര്‍വായി തീരുമാനിച്ചിരുന്നു.
2024ലെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി മിന്നുന്ന പ്രകടനമാണ് യുവതാരമായ ഫ്രേസര്‍ മക് ഗുര്‍ക് നടത്തിയത്. മക് ഗുര്‍ക്കിന്റെ വരവോടെയാണ് പോയന്റ് ടേബിളില്‍ ഡല്‍ഹി മുന്നേറ്റം നടത്തിയത്. പ്ലേ ഓഫ് പ്രവേശനം നേടാനായില്ലെങ്കിലും മക് ഗുര്‍ക്കിന്റെ പ്രകടനം പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എങ്കിലും ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ താരത്തെ പ്രധാന ടീമില്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടുത്തിയിരുന്നില്ല. ടോപ് ഓര്‍ഡറില്‍ ഡേവിഡ് വാര്‍ണര്‍,ട്രാവിസ് ഹെഡ്,ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവരെയാണ് ഓസീസ് തെരെഞ്ഞെടുത്തത്.
ട്രാവലിംഗ് റിസര്‍വായി ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ള മക് ഗുര്‍ക്കിന് നിലവിലെ ടീമില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമെ ലോകകപ്പില്‍ കളിക്കാനാകു. ഓള്‍ റൗണ്ടറായ മാത്യു ഷോര്‍ട്ട് ഓസ്‌ട്രേലിയ അവസാനം കളിച്ച 14 ടി20 മത്സരങ്ങളിലും ഉള്‍പ്പെട്ട താരമാണ്. കഴിഞ്ഞ 2 ബിഗ് ബാഷ് സീസണുകളിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു താരം. ജൂണ്‍ 1 മുതല്‍ 29 വരെ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമാണ് ഇത്തവണ പുരുഷ ടി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.