പണക്കൊതിയും ജാഡയും; ഡേവിഡ് ജെയിംസിനെയും ഇയാന്‍ ഹ്യൂമിനെയും ബ്ലാസ്‌റ്റേഴ്‌സിന് വേണ്ട

Webdunia
വെള്ളി, 10 ഏപ്രില്‍ 2015 (13:55 IST)
പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മിന്നും താരങ്ങളായിരുന്നു ഡേവിഡ് ജെയിംസും ഇയാന്‍ ഹ്യൂമും ഇത്തവണ കൊമ്പന്മാര്‍ക്കായി പന്ത് തട്ടാന്‍ എത്തില്ല. കഴിഞ്ഞ സീസണിനേക്കാള്‍ ഇരട്ടിയിലധികം പ്രതിഫലം ആവശ്യപ്പെട്ടതാണ് ഇരുവരെയും തള്ളാന്‍ ക്ലബ് അധികൃതരെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് ഇയാന്‍ ഹ്യൂം ആയിരുന്നു. കഴിഞ്ഞ സീസണിനേക്കാള്‍ ഇരട്ടിയിലധികം പ്രതിഫലം തന്നാല്‍ മാത്രമെ രണ്ടാം സീസണില്‍ കളിക്കാന്‍ തയാറാകുവെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതിനുപുറമെ നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ട്രാന്‍മറെ റോവേഴ്‌സിന്റെ താരമായ ഹ്യൂം ഹ്രസ്വകാലകരാറിന് താല്‍പര്യമില്ലെന്നും ക്ലബ് അധികൃതരെ അറിയിക്കുകയും ചെയ്തു. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ഇയാന്‍ ഹ്യൂം. കഴിഞ്ഞ സീസണില്‍ 58125 ഡോളറിനാണ് (ഏകദേശം 35 ലക്ഷം രൂപ) ഹ്യൂമിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നത്.

താന്‍ കളി അവസാനിപ്പിക്കുകയാണെന്നും, കഴിഞ്ഞ തവണത്തെക്കാള്‍ പ്രതിഫലം തന്നാല്‍  കോച്ചായി മാത്രം കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരാമെന്നുമായിരുന്നു മുന്‍ ഇംഗ്ലീഷ് താരമായ ഡേവിഡ് ജെയിംസ് വ്യക്തമാക്കിയത്. എന്നാല്‍ വലിയ തുക നല്‍കി ഡേവിഡ് ജെയിംസിനെ കോച്ചായി മാത്രം ടീമില്‍ എടുക്കേണ്ടെന്നാണ് ടീം അധികൃതരുടെ തീരുമാനം.

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നതുല്യമായ പ്രയാണത്തിന് വഴിയൊരുക്കിയ രണ്ട് സുപ്രധാന താരങ്ങളെയാണ് ടീമിനിപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. അതേസമയം മുന്തിയ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ എത്തിക്കുമെന്ന് ടീം അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.