ഗോവയും ഡല്‍ഹിയും പൊരുതിക്കളിച്ചു; ഒടുവില്‍ ജയം സീക്കോയുടെ കുട്ടികള്‍ക്ക്

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (10:16 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അവസാനഘട്ട മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെതിരെ എഫ്സി ഗോവ ജയം നേടി.
പകരക്കാരനായിറങ്ങിയ റോമിയോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോള്‍ ബലത്തിലാണ് സീക്കോയുടെ കുട്ടികള്‍ നോക്കൗട്ട് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറിയത്.

ആദ്യ പകുതിയിൽ രണ്ടു ഗോളിനു മുന്നിൽ നിന്ന ഡൽഹി കളി തീർന്നപ്പോൾ 3–2നു തോല്‍വി സമ്മതിക്കുകയായിരുന്നു. 68, 69 മിനിറ്റുകളിൽ റോമിയോ ഫെർണാണ്ടസ്, 90–മത് മിനിറ്റിൽ ജോഫ്രെ എന്നിവരാണ് ഗോവയുടെ ഗോൾ നേടിയത്. സെമിഫൈനലിൽ ഡൽഹി തന്നെയാണ് ഗോവയുടെ എതിരാളികൾ. ഡല്‍ഹിക്കായി സെര്‍ജിന്യോ ഗ്രീനും (31) ആദില്‍ നബിയും (40) ഗോള്‍ നേടുകയായിരുന്നു.

സമനിലയിലേക്കെന്നു തോന്നിപ്പിച്ച മത്സരത്തിലാണ് 90മത് മിനിറ്റില്‍ ജൊനാഥന്‍ ലൂക്കയുടെ പാസില്‍നിന്ന് ജോഫ്രെ ഡല്‍ഹി വലകുലുക്കുകയായിരുന്നു. സെമി ഫൈനൽ ഉറപ്പിച്ചിട്ടും ഡല്‍ഹിയും ഗോവയും മികച്ച കളിയാണ് പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണം പ്രതിരോധവും സമന്വയിപ്പിച്ച് കളിക്കുകയായിരുന്നു. ഗോവയുടെ ഗോള്‍ എന്നുറപ്പിച്ച പല നീക്കങ്ങളും ഡല്‍ഹിയുടെ പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു. എന്നാല്‍ 90 മത് മിനിറ്റില്‍ ജോഫ്രെ ഗോവയ്‌ക്ക് വിജയ ഗോള്‍ സമ്മാനിക്കുകയായിരുന്നു.