മെസ്സിയുടെ റെക്കോർഡ് തകരാതിരിക്കാൻ ഹാലൻഡിന് ഡബിൾ ഹാട്രിക് നിഷേധിച്ചു, ആരോപണത്തിന് വിചിത്ര മറുപടിയുമായി ഗ്വാർഡിയോള

ബുധന്‍, 15 മാര്‍ച്ച് 2023 (14:19 IST)
ലിപ്സിഷിനെതിരായ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ 7 ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. മത്സരത്തിൽ സിറ്റിതാരമായ എർലിംഗ് ഹാളണ്ട് അഞ്ച് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടത്തിൽ സൂപ്പർ താരം ലയണൽ മെസ്സി, ലൂയിസ് അഡ്രിയാനോ എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും ഹാളണ്ടിനായി.
 
എന്നാൽ മത്സരത്തിൻ്റെ 63ആം മിനിട്ടിൽ തന്നെ സിറ്റി ഹാളണ്ടിന് പകരം മറ്റൊരു താരത്തെ കളത്തിലിറക്കിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഡബിൾ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരം ഇതോടെ ഹാളണ്ടിന് നഷ്ടമായി. മത്സരത്തിന് ശേഷം ഡബിൾ ഹാട്രിക് നേടാൻ തനിക്ക് താല്പര്യമുണ്ടായിരുന്നതായി ഹാളണ്ട് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ പ്രായത്തിൽ തന്നെ ആറ് ഗോളുകൾ നേടിയാൽ അത് ബോറാകുമെന്ന വിചിത്രമായ മറുപടിയാണ് ഇതിന് ഗ്വാർഡിയോള നൽകിയത്. ഇപ്പോൾ ഹാളണ്ടിന് ഡബിൾ ഹാട്രിക്കെന്ന ലക്ഷ്യം ബാക്കിയുണ്ടെന്നും മികച്ച പ്രകടനമാണ് താരം നടത്തിയതെന്നും ഗ്വാർഡിയോള പറഞ്ഞു.
 
അതേസമയം മെസ്സിയുടെ റെക്കോർഡ് സംരക്ഷിക്കാനായാണ് ഗ്വാർഡിയോള പകരക്കാരനെ ഇറക്കിയതെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. മത്സരത്തിൽ ഹാളണ്ട് ആറ് ഗോളുകൾ നേടിയിരുന്നെങ്കിൽ മെസ്സിയുടെ റെക്കോർഡ് തകരുമായിരുന്നു. ഇത് സംഭവിക്കാതിരിക്കാനാണ് മെസ്സിയുടെ മുൻ പരിശീലകൻ കൂടിയായ ഗ്വാർഡിയോള താരത്തെ പിൻവലിച്ചതെന്നും സമൂഹമാധ്യമങ്ങളിൽ വിമർശകർ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍