കേരളത്തിന്റെ ഫുട്‌ബോള്‍ കരുത്തും ആവേശവും കേട്ടറിഞ്ഞ് പുതിയ താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കാന്‍ ഡച്ച് ഫുട്‌ബോള്‍ പരിശീലകര്‍ കേരളത്തിലെത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ നെതര്‍ലാന്‍ഡില്‍ കൊണ്ടുപോയി പരിശീലനം നല്‍കുന്നതിനായുള്ള സെലക്ഷന്‍ ട്രയല്‍സ് തിരുവനന്തപുരത്ത് ആരംഭിച്ചു.
കായിക വിദ്യാഭ്യാസവും മെച്ചപ്പെട്ട കായിക സംസ്‌കാരവും വളര്‍ത്തിയെടുക്കാനായി പതിനാല് വയസില്‍ താഴെയുളള ഫുട്‌ബോള്‍ അഭിരുചിയുളള കുട്ടികളെ കണ്ടെത്തി പരിശീനം നല്‍കും. പതിനാല് ജില്ലകളില്‍ നിന്നും 2000 കുട്ടികളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നത്. ഇതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രതിഭകളെയാണ് നെതര്‍ലാന്‍സില്‍ കൊണ്ടുപോയി പരിശീലനം നല്‍കുന്നത്.
കഴിവുണ്ടായിട്ടും കേരളത്തിലെ പ്രതിഭകള്‍ തിരിച്ചറിയപ്പെടുന്നില്ലെന്ന് ഡച്ച് പരിശീലകന്‍ എഡ്വിന്‍ നിക്കോഫ് പറഞ്ഞു. കായിക സംഘടനയായ ഗ്രീന്‍ഫീല്‍ഡ് ആണ് സ്‌പോര്‍ട്ട്‌സ് നെറ്റ്‌വര്‍ക്കിംഗിനെ കേരളത്തിലേക്കെത്തിക്കുന്നത്. കൂടുതല്‍ വിദേശ കോച്ചുകളെ കേരളത്തിലെത്തിച്ച് പരിശീലനങ്ങള്‍ നടത്താനും സംഘാടകര്‍ പദ്ധതിയിട്ടിട്ടുണ്ട്.