ബൊളീവിയന്‍ പാളയത്തില്‍ ഗുറെറോയുടെ മൂന്ന് വെടിയുണ്ടകള്‍; പെറു സെമിയിൽ

Webdunia
വെള്ളി, 26 ജൂണ്‍ 2015 (12:32 IST)
ജോസ് പൗളോ ഗുറെറോയുടെ ഹാട്രിക് മികവിൽ പെറു കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ സെമിയിൽ കടന്നു.  ബൊളീവിയക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പെറുവിന്റെ ജയം. 20, 23, 74 മിനിറ്റുകളിലായിരുന്നു പൗളോ ഗുറെറോയുടെ ഗോളുകൾ. ഈ കോപ്പ അമേരിക്ക സീസണിലെ ആദ്യ ഹാട്രിക്കാണിത്. കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ മാര്‍സലോ മൊറാനോയാണ് ബൊളീവിയയുടെ ആശ്വാസഗോളടിച്ചത്.

മത്സരത്തിന്റെ ആദ്യാവസാനം മൈതാനത്ത് ആധിപത്യം പുലർത്തിയ പെറു ആധികാരിക ജയം നേടിയാണ് സെമിബർത്ത് ഉറപ്പിച്ചത്.    ഗ്വെററോ 20മത് മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പായിച്ചു. 23മത് മിനിറ്റില്‍ ക്രിസ്റ്റ്യന്‍ കുവേരയുടെ പാസ് അതിവിദഗ്ധമായി ഉപയോഗിച്ച്  ഗ്വെററോ രണ്ടാമതും ബൊളീവിയയുടെ വല ചലിപ്പിച്ചു. 74 മിനിറ്റില്‍ മൂന്നാം ഗോളും അടിച്ച് ഗ്വെററോ എതിരാളികളെ തകര്‍ത്തു. കഴിഞ്ഞ നവംബറിനു ശേഷം പെറുവിനായി ഗോളടിച്ചിട്ടില്ലെന്ന ആരാധകരുടെ വിഷമം തീർക്കുന്നതായിരുന്നു ഗുറെറോയുടെ ആദ്യ ഗോളുകള്‍.

പെറുവിയൻ ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ ബൊളീവിയൻ പ്രതിരോധത്തിന് പിന്നീടൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കളിയവസാനിക്കാൻ നേരം  ലഭിച്ച പെനൽറ്റിയിൽ  മാർസലോ മൊറാനോയാണ് ബൊളീവിയയുടെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്. കളിയുടെ ഇരു പകുതികളിലുമായി ആറു മഞ്ഞ കാർഡുകളും പിറന്നു. സെമിഫൈനലിൽ ആതിഥേയരായ ചിലിയാണ് പെറുവിന്റെ എതിരാളികൾ.