29 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സ് നേടിയ തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 15 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 280 പ്രഹരശേഷിയില്‍ 42 റണ്‍സ് അടിച്ചുകൂട്ടി. ജോഷ് ഹെസല്‍വുഡ് ഹാര്‍ദിക്കിനെ മടക്കിയില്ലായിരുന്നെങ്കില്‍ ജയം മുംബൈയ്‌ക്കൊപ്പം പോയേനെ. ഹെസല്‍വുഡ് നാല് ഓവറില്‍ 37 റണ്‍സ് മാത്രം വഴങ്ങി രണ്ട് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രുണാല്‍ പാണ്ഡ്യ നാല് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്തെങ്കിലും നാല് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
വിരാട് കോലി (42 പന്തില്‍ 67), രജത് പാട്ടീദര്‍ (32 പന്തില്‍ 64), ജിതേഷ് ശര്‍മ (19 പന്തില്‍ പുറത്താകാതെ 40), ദേവ്ദത്ത് പടിക്കല്‍ (22 പന്തില്‍ 37) എന്നിവരാണ് ആര്‍സിബിക്കായി മികച്ച രീതിയില്‍ ബാറ്റ് ചെയ്തത്.
നാല് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ജയവുമായി ആര്‍സിബി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്തും ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാമതും. അഞ്ച് കളികളില്‍ നാലിലും തോറ്റ മുംബൈ ഇന്ത്യന്‍സ് എട്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരബാദും ആണ് മുംബൈയ്ക്ക് താഴെയുള്ളത്.