Jitesh Sharma: ജിതേഷാടാ.... പന്ത് കുത്തിയ സ്ഥലം നോക്കി ഡിആര്‍എസ് എടുക്കും, വിക്കറ്റും എടുക്കും: ഐപിഎല്ലില്‍ സൂപ്പര്‍ മാസ് മൊമന്റ്

അഭിറാം മനോഹർ

ചൊവ്വ, 8 ഏപ്രില്‍ 2025 (09:14 IST)
ലോകക്രിക്കറ്റില്‍ ഡിആര്‍എസ് എന്നാല്‍ ധോനി റിവ്യൂ സിസ്റ്റമാണെന്ന ഒരു വിശേഷണം പൊതുവെയുണ്ട്. ഡിആര്‍എസ് എടുക്കുന്നതില്‍ ധോനിക്ക് തെറ്റ് പറ്റാറില്ല എന്ന ധാരണയാണ് ഈ വിശേഷണത്തിന് പിന്നില്‍. എന്നാല്‍ ധോനിയുടെ ഡിആര്‍എസ് വിശകലനത്തിന്റെ സ്‌കില്ലിനെ പിന്നിലാക്കുന്ന നിമിഷത്തിനായിരുന്നു ഇന്നലെ വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. മുംബൈക്കെതിരായ മത്സരത്തില്‍ ആര്‍സിബിയുടെ ജിതേഷ് ശര്‍മയാണ് ഡിആര്‍എസ് തീരുമാനമെടുത്ത് ഞെട്ടിച്ചത്.
 
വാംഖഡെ സ്റ്റേഡിയത്തില്‍ ആര്‍സിബി മുന്നോട്ട് വെച്ച 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായിരുന്നു. മത്സരത്തിലെ നാലാം ഓവറിലെ നാലാം പന്ത് റിക്കള്‍ട്ടണിന്റെ പാഡില്‍ തട്ടി. ബൗളറായ ജോഷ് ഹേസല്‍വുഡും മറ്റ് സഹതാരങ്ങളും ദുര്‍ബലമായ അപ്പീലാണ് നടത്തിയത്. പന്ത് പിച്ച് ചെയ്തത് ലൈനിന് അകത്താണോ പുറത്താണോ എന്നതായിരുന്നു പ്രധാന സംശയം. ഈ നിമിഷമാണ് രംഗത്തിലേക്ക് ജിതേഷ് കടന്നുവന്നത്.
 
 വിക്കറ്റിന് പിന്നില്‍ നിന്നും ഓടിയെത്തിയ ജിതേഷ് പിച്ച് ചെയ്ത സ്ഥലം ഇതാണെന്ന് ചൂണ്ടിക്കാണിച്ചു. അപ്പോഴും റിവ്യൂ എടുക്കുന്നതില്‍ അര്‍ധമനസിലായിരുന്നു പാട്ടീധാര്‍. അവസാനം റിവ്യുവിനായി കൈയുയര്‍ത്തി. മൂന്നാം അമ്പയര്‍ പരിശോധിച്ചപ്പോള്‍ പന്ത് ലൈനില്‍ തന്നെയാണെന്നും ബാറ്റില്‍ തട്ടിയിട്ടില്ലെന്നും തെളിഞ്ഞു. നിര്‍ണായകമായ വിക്കറ്റ് ആര്‍സിബിക്ക് ലഭിക്കുകയും ചെയ്തു. ഇതോടെ ആര്‍സിബി താരങ്ങളെല്ലാവരും തന്നെ ജിതേഷിനെ പൊതിഞ്ഞു. ശിരസില്‍ ചുംബിച്ച് കൊണ്ടാണ് കോലി നന്ദി അറിയിച്ചത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍