നേരത്തെ 106 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്കും(111), ജോ റൂട്ടും (105) ചേര്‍ന്ന് വിജയത്തിന് തൊട്ടരികെ എത്തിച്ചിരുന്നു. എന്നാല്‍ ബ്രൂക്കിന് പിന്നാലെ റൂട്ടും പുറത്തായതോടെ ഇംഗ്ലണ്ട് പെട്ടെന്ന് പ്രതിസന്ധിയിലായി. മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ക്രിസ് വോക്സ് ബാറ്റിങ്ങിനിറങ്ങാന്‍ സാധ്യതയില്ലാത്ത ഘട്ടത്തില്‍ 35 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ വിജയിക്കാമെന്ന നിലയിലായിരുന്നു ടീം ഇന്ത്യ.
എന്നാല്‍ ആവശ്യമെങ്കില്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് പാഡണിയുമെന്നാണ് നാലാം ദിവസത്തെ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരമായ ജോ റൂട്ട് വ്യക്തമാക്കിയത്. പരമ്പരയില്‍ കാലിന് പരിക്കേറ്റിട്ടും ബാറ്റ് ചെയ്ത ഇന്ത്യന്‍ താരം റിഷഭ് പന്തിന്റെ പോരാട്ടവീര്യത്തോടാണ് വോക്സിന്റെ നിശ്ചയദാര്‍ഡ്യത്തെയും റൂട്ട് താരതമ്യം ചെയ്തത്.
അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ദിവസം ഫീല്‍ഡിങ്ങിനിടെയാണ് വോക്സിന്റെ ഇടത് തോളെല്ലിന് പരിക്കേറ്റത്. തുടര്‍ന്ന് മത്സരത്തില്‍ പന്തെറിയാന്‍ വോക്സിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും ആവശ്യമെങ്കില്‍ ബാറ്റിങ്ങിനായി വോക്സ് ക്രീസിലെത്തുമെന്നും പന്തിനെ പോലെ ടീമിനായി എല്ലാം നല്കാന് തയ്യാറുള്ള കളിക്കാരനാണ് വോക്സെന്നും റൂട്ട് പറഞ്ഞു.