ഈവര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടിക ഫിഫ പുറത്തുവിട്ടു. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്‌സലോണ താരങ്ങളായ ലയണല്‍ മെസി , നെയ്മര്‍ എന്നിവരാണ് പട്ടികയില്‍ മുന്‍പന്തിയില്‍. 23 പേര്‍ പട്ടികയില്‍ ഉണ്ടെങ്കിലും നവംബര്‍ 30ന് ഈ 23 പേരില്‍ നിന്ന് മൂന്നു പേരുടെ ചുരുക്കപ്പട്ടിക പുറത്തുവിടും. ജനുവരി 11ന് പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിക്കും.
ക്രിസ്റ്റ്യാനോക്കും മെസിക്കു തന്നെയാണ് സാധ്യത കല്‍പിക്കപ്പെടുന്നത്. എന്നാല്‍ മെസിക്കൊപ്പം നെയ്മറും പുരസ്‌കാര പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. അര്‍ജന്റീനയുടെ സെര്‍ജിയോ അഗ്യൂറോ, വെയ്ല്‍സിന്റെ റയല്‍ മാഡ്രിഡ് താരം ഗാരെത് ബെയ്ല്‍, ഫ്രാന്‍സിന്റെ റയല്‍ താരം കരിം ബെന്‍സേമ, ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂയിന്‍, എഡെന്‍ ഹസാര്‍ഡ്, സ്വീഡന്റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്, സ്‌പെയിനിന്റെ ആേ്രന്ദ ഇനിയേസ്റ്റ, ജര്‍മനിയുടെ ടോണി ക്രൂസ്, പോളണ്ടിന്റെ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി, അര്‍ജന്റീനയുടെ ഹവിയര്‍ മഷരാനോ, ജര്‍മനിയുടെ തോമസ് മുള്ളര്‍, മാനുവല്‍ ന്യൂവര്‍, ഫ്രാന്‍സിന്റെ യുവന്റസ് താരം പൗള്‍ പോഗ്ബ, ക്രൊയേഷ്യയുടെ ഐവാന്‍ റാകിടിച്, ഹോളണ്ട് താരം ആര്യന്‍ റോബന്‍, കൊളംബിയയുടെ ഹാമെഷ് റോഡ്രിഗസ്, ചിലിയുടെ അലക്‌സിസ് സാഞ്ചേസ്, ഉറുഗ്വായ് താരം ലൂയി സുവാരസ്, ഐവറി കോസ്റ്റിന്റെ യായാ ടുറേ, ചിലിയുടെ ആര്‍ട്ടുറോ വിദാല്‍ എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.