Argentina vs Colombia Qorld Cup Qualifier: ലോകകപ്പ് ക്വാളിഫയറില്‍ കൊളംബിയയോട് തോല്‍വി വഴങ്ങി അര്‍ജന്റീന. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ ജയിച്ചത്. കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയോടു എതിരില്ലാത്ത ഒരു ഗോളിനു തോറ്റതിനു പലിശ സഹിതം പകരംവീട്ടിയിരിക്കുകയാണ് കൊളംബിയ. മത്സരത്തിലുടനീളം അര്‍ജന്റീനയെ വെള്ളം കുടിപ്പിക്കുകയായിരുന്നു കൊളംബിയന്‍ താരങ്ങള്‍.
ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് സ്വന്തമാക്കാന്‍ കൊളംബിയയ്ക്കു സാധിച്ചു. 25-ാം മിനിറ്റില്‍ യേഴ്‌സണ്‍ മൊസ്‌ക്വാറോയിലൂടെയാണ് കൊളംബിയയുടെ ആദ്യ ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഗോളിലൂടെ അര്‍ജന്റീന സമനില പിടിച്ചു. എന്നാല്‍ 60-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജെയിംസ് റോഡ്രിഗസ് കൊളംബിയയെ മുന്നിലെത്തിച്ചു.
മെസിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീന ആദ്യ മിനിറ്റുകളില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതിയില്‍ ഉടനീളം കൊളംബിയ ആധിപത്യം തുടര്‍ന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടിയ ശേഷമാണ് അര്‍ജന്റീന ഉണര്‍ന്നുകളിച്ചത്. അര്‍ജന്റീന പത്ത് ഫൗള്‍ വഴങ്ങിയപ്പോള്‍ കൊളംബിയന്‍ താരങ്ങള്‍ എട്ട് തവണ ഫൗള്‍ ചെയ്തു. ഇരു ടീമുകളിലേയും രണ്ട് വീതം താരങ്ങള്‍ക്കു യെല്ലോ കാര്‍ഡ് ലഭിച്ചു. എട്ട് മത്സരങ്ങളില്‍ ആറ് ജയവുമായി അര്‍ജന്റീന തന്നെയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. എട്ട് കളികളില്‍ നിന്ന് നാല് ജയവും നാല് സമനിലയും ഉള്ള കൊളംബിയ രണ്ടാം സ്ഥാനത്താണ്.