മാഞ്ചസ്റ്ററിനും ചെല്‍‌‌സിക്കും ജയം

Webdunia
വ്യാഴം, 31 ജനുവരി 2008 (12:05 IST)
PROPRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ വിജയ പരമ്പര ചാമ്പ്യന്‍‌ ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍‌സിയും മുന്നോട്ട് കൊണ്ടു പോയപ്പോള്‍ ലിവര്‍പൂളിന്‍റെ ചുവപ്പു ചെകുത്താന്‍‌മാരെ ദൌര്‍ഭാഗ്യം പിന്തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ പോര്‍ട്ട്‌‌സ്മൌത്തിനെ മറികടന്നപ്പോള്‍ ചെല്‍‌സിയുടെ ജയം റീഡിംഗിനെതിരെ ആയിരുന്നു.

ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ പോര്‍ട്ട്‌‌സ്മൌത്തിനെ മടക്കിയത്. പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളായിരുന്നു മാഞ്ചസ്റ്ററിന്‍റെ കരുത്ത്. പ്രീമിയര്‍ ലീഗില്‍ ഗോളടിയുമായി മുന്നോട്ട് പോകുന്ന ക്രിസ്ത്യാനോ ഒമ്പതാം മിനിറ്റില്‍ മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചു.

നാനിയുമായി ചേര്‍ന്ന നടത്തിയ നീക്കം വലയില്‍ അവസാനിപ്പിക്കുക ആയിരുന്നു. മൂന്ന് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ഫ്രീകിക്ക് കൂടി ലക്‍‌ഷ്യത്തില്‍ എത്തിച്ച് ക്രിസ്ത്യാനോ തന്നെ മാഞ്ചസ്റ്ററിന്‍റെ ലീഡ് ഉയര്‍ത്തി. ലീഗില്‍ തന്‍റെ ഗോള്‍ സമ്പാദ്യം ഇതോടെ 27 ആക്കി ഉയര്‍ത്താന്‍ ക്രിസ്ത്യാനോയ്‌ക്ക് കഴിഞ്ഞിരിക്കുകയാണ്.

ചെല്‍‌സിയുടെ ജയം ബല്ലാക്ക് കണ്ടെത്തിയ എക ഗോളിനായിരുന്നു. മുപ്പത്തിരണ്ടാം മിനിറ്റില്‍ ഫെരേരയുടെ ക്രോസില്‍ ബല്ലാക്ക് തല വയ്‌ക്കുകയായിരുന്നു. തുടര്‍ച്ചയായി ഒമ്പതാമത്തെ വിജയമാണ് എല്ലാ മത്സരങ്ങളിലുമായി ചെല്‍‌സി ബുധനാഴ്ച കണ്ടെത്തിയത്. അതേ സമയം ലിവര്‍പൂളിനു ദുരന്തം തുടരുകയാണ്.

വെസ്റ്റ്‌‌ഹാം യുണൈറ്റഡ് ഏക ഗോളിനായിരുന്നു ലിവര്‍പൂളിനെ ഞെട്ടിച്ചത്. കളിയുടെ അവസാന മിനിറ്റില്‍ മാര്‍ക്ക് നോബിളിന്‍റെ പെനാല്‍റ്റി വെസ്റ്റ്‌‌ഹാമിനായി കളി തീരുമാനിക്കുകയായിരുന്നു. ലീഗ് ടേബിളില്‍ മാഞ്ചസ്റ്റര്‍ ആഴ്‌സണലിനെ കടന്ന് മുന്നിലെത്തിയപ്പോല്‍ ചെല്‍‌സി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. ലിവര്‍പൂള്‍ ഏഴാം സ്ഥാനത്താണ്.