എറ്റുവിനു ചരിത്രം, കാമറൂണിനു ജയം

Webdunia
PROPRO
ബാഴ്സിലോണ താരം സാമുവല്‍ എറ്റുവിന്‍റെ മികവില്‍ കാമറൂണ്‍ സുഡാനെ പരാജയപ്പെടുത്തി. ഏക പക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് സുഡാനെ കീഴടക്കി കാമറൂണ്‍ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോള്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്‍‌മാരായ ഈജിപ്തിനെ സാംബിയ 1-1 നു പിടിച്ചു.

എറ്റു ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ കാമറൂണിന്‍റെ മൂന്നാമത്തെ ഗോള്‍ സുഡാന്‍ പ്രതിരോധക്കാരന്‍ മുഹമ്മദ് അലി ഖൈദറിന്‍റെ വകയായിരുന്നു. ഇരുപത്തെട്ടാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നും ആദ്യ ഗോള്‍ നേടുമ്പോള്‍ എറ്റു കടന്നത് ഐവറികോസ്റ്റ് താരം ലൌറന്‍‌റ് പൊക്കുവിന്‍റെ 38 വര്‍ഷം പഴക്കമുള്ള റെക്കോഡായിരുന്നു.

കപ്പില്‍ തന്‍റെ പതിനഞ്ചാം ഗോള്‍ കണ്ടെത്തിയ എറ്റു 1970 ല്‍ ലൌറന്‍റ് നേടിയ 14 ഗോളെന്ന റെക്കോഡാണ് പഴങ്കഥയാക്കിയത്. ആറു മിനിറ്റു കഴിഞ്ഞപ്പോള്‍ ഗോള്‍ നില ഉയര്‍ത്താന്‍ കാമറൂണിനായി. ഇത്തവണ സഹായകമായത് മുഹമ്മദ് അല്‍ ഖൈദറിന്‍റെ പിഴവായിരുന്നു. മദ്ധ്യനിരക്കാരന്‍ ഷാര്‍ദ് ജസ്റ്റിന്‍ ക്ലീയര്‍ ചെയ്ത പന്ത് ഖൈദറിന്‍റെ ദേഹത്ത് തട്ടി വലയില്‍ എത്തി.

അവസാന മിനിറ്റില്‍ എപ്പെല്ലെ കൊടുത്ത പാസ് പരിചയ സമ്പന്നതയുടെ മികവില്‍ വലയില്‍ എത്തിച്ച് എറ്റു ഒരിക്കല്‍ കൂടി എതിരാളികളെ കീഴ്‌‌പ്പെടുത്തി. ഗ്രൂപ്പ് സിയില്‍ ഈജിപ്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് കാമറൂണ്‍ ക്വാര്‍ട്ടറില്‍ കടന്നത്. ഒന്നാം സ്ഥാനക്കാരായ ഈ ജിപ്ത് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സാംബിയയോട് സമനിലയില്‍ കളി അവസാനിപ്പിക്കേണ്ടി വന്നു.

കുമാസിയില്‍ നടന്ന മത്സരത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബ് എല്‍ സമാലക്കിനു കളിക്കുന്ന അമര്‍ സാക്കിയുടെ ഗോളില്‍ ഈജിപ്താണ് ആദ്യം മുന്നിലെത്തിയെങ്കിലും സാംബിയ അവസാനം തിരിച്ചടിച്ചു. എണ്‍പത്തെട്ടാം മിനിറ്റില്‍ ക്രിസ് കട്ടോംഗോ തനിക്ക് ലഭിച്ച പന്ത് നന്നായി നിയന്ത്രിച്ച് നെറ്റിലേക്ക് വിട്ട് സമനില കണ്ടെത്തി.