രത്തീന പ്രേക്ഷകര്‍ക്കിടയിലേക്ക് തുറന്നുവിട്ടത് കേവലം ഒരു പുഴുവിനെയല്ല, മറിച്ച് പ്രേക്ഷകനെ വരിഞ്ഞുമുറുക്കുന്ന സര്‍പ്പത്തെയാണ്. 'പുഴു' ആകെ തുകയില്‍ ഒരു കഥാപാത്രത്തിനു ചുറ്റും തിരിയുന്ന കോക്കസാണ്. വളരെ സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യനിലേക്ക് ഫോക്കസ് ചെയ്തിരിക്കുന്ന ക്യാമറക്കണ്ണുകള്‍. അതുകൊണ്ടാണ് ആ കഥാപാത്രത്തിന് അപ്പുറം മറ്റൊന്നും തങ്ങളെ തൃപ്തിപ്പെടുത്തിയില്ലെന്ന് പോലും ചിലര്‍ സിനിമ കണ്ട ശേഷം അഭിപ്രായപ്പെട്ടത്. ഒരുതരത്തില്‍ സിനിമയിലൂടെ കഥാകൃത്തും സംവിധായികയും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ചതും ഈ കഥാപാത്രത്തിന്റെ വിവിധ ഷെയ്ഡുകളാണ്. അതിലൂടെ ശക്തമായ ജാതി രാഷ്ട്രീയവും.
'പുഴു' ഒരു സ്പൂണ്‍ ഫീഡിങ്ങ് ചിത്രമല്ല. മറിച്ച് ഒരു കഥാപാത്രത്തിലൂടെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സങ്കീര്‍ണതകള്‍ നിറഞ്ഞ കഥാതന്തുവാണ്. പ്രത്യക്ഷമായും പരോക്ഷമായും മമ്മൂട്ടിയുടെ കഥാപാത്രത്തിനു നിരവധി ഷെയ്ഡുകളുണ്ട്.
അടുപ്പമുള്ളവരും സുഹൃത്തുക്കളും 'കുട്ടന്‍' എന്ന് വിളിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ജാതിവെറിയുടെ ആള്‍രൂപമാണ്. അത് അയാളെ ഒരു ക്രൈമിലേക്ക് കൊണ്ടെത്തിക്കുന്നു. പക്ഷേ, ആ ക്രൈമിന് ശേഷം പോലും സ്വയം ജസ്റ്റിഫൈ ചെയ്യുന്ന മമ്മൂട്ടി കഥാപാത്രത്തെയാണ് സിനിമയില്‍ കാണുന്നത്. സ്വന്തം പെങ്ങളേയും ഭര്‍ത്താവിനേയും കൊന്ന ശേഷം മകന്റെ അടുത്തുവന്ന് മമ്മൂട്ടി പറയുന്നത് നാളെ അച്ഛനെ കുറിച്ച് മോശം വാര്‍ത്തകള്‍ കേള്‍ക്കും, അതൊന്നും വിശ്വസിക്കരുത് എന്നാണ്. എല്ലാവരും പറയുന്നതുപോലെ അച്ഛന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ ന്യായീകരണം. വളരെ നിഷ്ഠൂരമായി രണ്ട് കൊലപാതകങ്ങള്‍ ചെയ്ത ശേഷം മമ്മൂട്ടി സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഈ ഭാഗത്ത് അയാളിലെ ജാതിവെറി എത്രത്തോളം ഭീകരമാണെന്ന് സിനിമ വ്യക്തമാക്കുന്നു.
മമ്മൂട്ടി കഥാപാത്രത്തിന്റെ ജാതിവെറി അതിന്റെ എക്‌സ്ട്രീമില്‍ കാണിച്ചുതന്ന ഭാഗമാണ് സഹോദരിയെ അടക്കം കൊലപ്പെടുത്തുന്ന രംഗം. സിനിമ കണ്ട ശേഷം പലരും ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവും ഇതിലുണ്ട്. കെപിയുടെ (പാര്‍വതിയുടെ ഭര്‍ത്താവ്) ജാതിയാണ് പ്രശ്‌നമെങ്കില്‍ അയാളെ മാത്രം കൊലപ്പെടുത്തിയാല്‍ പോരെ? ഇത്രയും റഫ് ആന്‍ഡ് ടഫ് പേഴ്‌സണാലിറ്റിക്കിടയിലും സഹോദരിയോട് മമ്മൂട്ടിയുടെ കഥാപാത്രത്തിനു ആത്മബന്ധമുണ്ടെന്ന് സിനിമയില്‍ പലയിടത്തായി കാണിക്കുന്നുണ്ട്. അങ്ങനെ ഒരാള്‍ എന്തിനാണ് സഹോദരിയെ കൂടി കൊന്നത്? ഈ ചോദ്യത്തിനു ഉത്തരവും സിനിമയില്‍ തന്നെയുണ്ട്. പാര്‍വതി ഗര്‍ഭം ധരിച്ചിരിക്കുന്നത് ഒരു താഴ്ന്ന ജാതിക്കാരനില്‍ നിന്നാണ്. ആ കുഞ്ഞാണ് തന്റെ സഹോദരിയുടെ ഉദരത്തില്‍ ഉള്ളത്. താഴ്ന്ന ജാതിയില്‍ നിന്നുള്ള ഒരു കുഞ്ഞിനെ സ്വീകരിക്കുക എന്നത് ജാതിവെറി പൂണ്ടുനില്‍ക്കുന്ന മമ്മൂട്ടി കഥാപാത്രത്തിനു അംഗീകരിക്കാന്‍ കഴിയാവുന്നതിനും അപ്പുറമാണ്. കെപിയെ നമ്മുടെ കൂട്ടത്തില്‍ ചേര്‍ക്കാമെന്ന ഉപാധി മമ്മൂട്ടി കഥാപാത്രം പാര്‍വതിക്ക് മുന്നില്‍ വയ്ക്കുന്നുണ്ട്. എന്തിനാണ് അവരെ മാറ്റാന്‍ നോക്കുന്നത്? നമ്മള്‍ മാറിയാല്‍ പോരേ? എന്ന ചോദ്യം കൊണ്ട് പാര്‍വതി അപ്പോള്‍ തന്നെ ആ ജാതിവെറിയന്റെ വായടപ്പിക്കുന്നുമുണ്ട്. അവസാനവട്ട ശ്രമവും പരാജയപ്പെടുന്നിടത്താണ് സ്വന്തം സഹോദരിയെ നിഷ്ഠൂരമായി ഇല്ലാതാക്കുക എന്ന ക്രൈമിലേക്ക് അയാള്‍ എത്തിച്ചേരുന്നത്. അവിടെ മമ്മൂട്ടി കഥാപാത്രത്തിന്റെ മോട്ടീവ് സഹോദരിയല്ല, സഹോദരിയുടെ വയറ്റിലെ കുഞ്ഞാണ് ! ദുരഭിമാനക്കൊലയുടെ എക്‌സ്ട്രീം വേര്‍ഷന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രംഗമാണ് അത്.
മമ്മൂട്ടി കഥാപാത്രം വളരെ കൗശലക്കാരനായ ആണാണ് ചിത്രത്തില്‍. സ്വയം സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന ടോക്‌സിക് മസ്‌കുലിനിറ്റിയുള്ള ആള്‍. അയാള്‍ ഇമോഷണലി വള്‍ണറബിള്‍ ആകുന്നത് രണ്ട് പേര്‍ക്ക് മുന്‍പിലാണ്. ശരീരം തളര്‍ന്ന് മിണ്ടാന്‍ പോലും വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് മുന്‍പിലും തന്റെ ആജ്ഞകള്‍ അനുസരിച്ച് അടിമയെ പോലെ ജീവിക്കുന്ന മകന് മുന്‍പിലും. രണ്ടിടത്തും സ്വന്തം കാര്യ സാധ്യത്തിനു വേണ്ടി മാത്രമാണ് അയാള്‍ വൈകാരികമായി ഇടപെടുന്നത് പോലും. ഞാന്‍ മറ്റൊരു വിവാഹം കഴിക്കാത്തത് നിനക്ക് വേണ്ടിയാണ്, ഞാന്‍ നിന്നെ ഒന്ന് തല്ലുക പോലും ചെയ്തിട്ടില്ല എന്നൊക്കെ പറഞ്ഞ് മകന്റെ ഉള്ളില്‍ ഹീറോയാകാന്‍ നോക്കുന്നു. പ്രതികരിക്കാന്‍ സാധിക്കാതെ കിടക്കുന്ന അമ്മയ്ക്ക് മുന്‍പിലും അയാള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വയം ജസ്റ്റിഫൈ ചെയ്യാന്‍ മാത്രമാണ്. തന്നെയല്ലാതെ വേറെ ആരേയും സ്‌നേഹിക്കാന്‍ കഴിയാത്ത വ്യക്തിയെ സമര്‍ത്ഥമായി ഒളിച്ചുകടത്തുകയാണ് മമ്മൂട്ടി കഥാപാത്രം ഇവിടെ.
ഈ സിനിമയില്‍ ഏറെ ഇഷ്ടപ്പെട്ടതും എന്നാല്‍ സിനിമ അധികമൊന്നും സംസാരിക്കാതെ പോയതുമായി തോന്നിയ മമ്മൂട്ടി കഥാപാത്രത്തിലെ ഷെയ്ഡ് അയാള്‍ ഒരു സൈക്കോപാത്താണ് എന്നതാണ്. ഉള്ളില്‍ ക്രൈം ടെന്‍ഡന്‍സിയുള്ള സെക്കോപാത്താണ് പുഴുവിലെ മമ്മൂട്ടി കഥാപാത്രം. താഴെ കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന തെരുവ് പട്ടിയെ അയാള്‍ കൊലപ്പെടുത്തുന്ന രംഗം ആലോചിച്ചു നോക്കുക ! ആ പട്ടിയെ ഇല്ലാതാക്കണമെന്ന്, അതൊരു ശല്യമാണെന്ന് കാലങ്ങളായി മനസ്സില്‍ വിചാരിച്ചു നടക്കുന്ന ഒരാളെ പോലെയായിരുന്നു ആ സീനില്‍ അയാളുടെ വെപ്രാളം. തൊട്ടുമുന്‍പില്‍ വെച്ച് കുഞ്ചന്‍ ആത്മഹത്യ ചെയ്യുമ്പോഴും അത്ര വലിയ നടുക്കമൊന്നും അയാളില്‍ ഉണ്ടാകുന്നില്ല. കാരണം ആ മരണവും മമ്മൂട്ടി കഥാപാത്രം ആഗ്രഹിച്ചിരുന്നു. കുഞ്ചന്റെ മരണശേഷം പറയുന്നുണ്ട് അവന്‍ ചാകേണ്ടവനായിരുന്നു എന്ന്. ഒരു സീനില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മകന്റെ കഴുത്തില്‍ പിടിക്കുന്നുണ്ട് അയാള്‍. അയാളിലെ സൈക്കോപാത്തിനെ അടയാളപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തില്‍ ഒരുപാട് ഉണ്ടായിരുന്നിരിക്കണം. ഒടുക്കം രണ്ട് മണിക്കൂറിലേക്ക് ട്രിം ചെയ്‌തെടുത്തപ്പോള്‍ അതില്‍ പലതും നഷ്ടപ്പെട്ടതാകാനും സാധ്യതയുണ്ട്. എന്തായാലും മമ്മൂട്ടി കഥാപാത്രത്തെ ഒരു സൈക്കോപാത്ത് എന്ന രീതിയില്‍ കുറച്ചുകൂടെ പ്രസന്റ് ചെയ്തിരുന്നെങ്കില്‍ അത് നന്നാകുമായിരുന്നെന്ന് തോന്നി.