Lucky Baskhar Social Media Review: ഡബിള്‍ ലക്കി ഭാസ്‌കര്‍ ! ദുല്‍ഖറിന്റെ വന്‍ തിരിച്ചുവരവ്, ബോക്‌സ്ഓഫീസില്‍ ദീപാവലി വെടിക്കെട്ട്

രേണുക വേണു
വ്യാഴം, 31 ഒക്‌ടോബര്‍ 2024 (12:12 IST)
Lucky Baskhar (Dulquer Salmaan)

Lucky BaskharSocial Media Review: ദീപാവലി ആഘോഷമാക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ലക്കി ഭാസ്‌കര്‍' തിയറ്ററുകളിലെത്തി. ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിക്കുന്നത്. ദുല്‍ഖറിന്റെ വന്‍ തിരിച്ചുവരവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. വെങ്കി അറ്റ്‌ലൂരി രചനയും സംവിധാനവും നിര്‍വഹിച്ച ലക്കി ഭാസ്‌കര്‍ തെലുങ്ക് സിനിമയാണ്. പിരീഡ് ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന സിനിമ പ്രേക്ഷകരെ തുടക്കം മുതല്‍ ഒടുക്കം വരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണെന്ന് ആദ്യ ഷോയ്ക്കു ശേഷം നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 
 
മികച്ച രീതിയില്‍ നിര്‍മിക്കപ്പെട്ട, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫിനാന്‍ഷ്യല്‍ ഡ്രാമയാണ് ലക്കി ഭാസ്‌കറെന്ന് ആന്ധ്രാ ബോക്‌സ്ഓഫീസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ദുല്‍ഖറും വെങ്കിയും ചേര്‍ന്ന് ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ് ഒരുക്കിയിരിക്കുന്നതെന്നും ആന്ധ്രാ ബോക്‌സ്ഓഫീസ് ഡോട്ട് കോമിന്റെ എക്‌സ് റിവ്യുവില്‍ പറയുന്നു. തെലുങ്കില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ തലത്തില്‍ വരും ദിവസങ്ങളില്‍ ഈ സിനിമ ചര്‍ച്ചയാകുമെന്നാണ് മറ്റു തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്ക് എന്റര്‍ടെയ്ന്‍മെന്റ് ജേണലിസ്റ്റ് ഹരിചരണ്‍ പുടിപ്പെഡി ലക്കി ഭാസ്‌കറിനു അഞ്ചില്‍ നാലാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്. 
 
മലയാളി പ്രേക്ഷകരും ലക്കി ഭാസ്‌കറിനെ കിടിലം സിനിമയെന്നാണ് വിശേഷിപ്പിക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട മികച്ച കഥാപാത്രമെന്നാണ് ദുല്‍ഖറിന്റെ ലക്കി ഭാസ്‌കറിലെ വേഷത്തെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിലനിര്‍ത്താനും പ്രേക്ഷകരെ ത്രസിപ്പിക്കാനും സിനിമയ്ക്കു സാധിക്കുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു. തിയറ്ററില്‍ പോയി ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ മികച്ചൊരു എന്റര്‍ടെയ്‌നര്‍ കൂടിയാണ് ലക്കി ഭാസ്‌കറെന്നും മലയാളി പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. 
 
ആന്ധ്രയിലും തെലുങ്കാനയിലുമായി 150 ല്‍ അധികം പ്രീമിയര്‍ ഷോകളാണ് ചിത്രത്തിന്റേതായി നടന്നത്. പ്രിവ്യൂ ഷോകള്‍ക്ക് ശേഷമുള്ള റെഗുലര്‍ ഷോകളിലും ചിത്രത്തിനു ഗംഭീര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ദുല്‍ഖര്‍ ഫാന്‍സിനു ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും അടങ്ങിയ ഗംഭീര സിനിമയെന്നാണ് കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article