അതിഗംഭീരം ! മുഖ്യമന്ത്രിയായി മമ്മൂട്ടി പൊളിച്ചടുക്കുന്നു !

മിനു സെലിന്‍
ശനി, 23 നവം‌ബര്‍ 2019 (19:50 IST)
മമ്മൂട്ടി മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായെത്തുന്ന ‘വണ്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നു. കടയ്ക്കല്‍ ചന്ദ്രന്‍ കസേരയില്‍ ഇരിക്കുന്ന രീതിയിലുള്ളതാണ് പോസ്റ്റര്‍. കണ്ണട വച്ച് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് തികഞ്ഞ രാഷ്ട്രീയക്കാരന്‍റെ രൂപഭാവങ്ങളോടെ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലെ ആകര്‍ഷണം.
 
'ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്യുന്നത്. സഞ്‌ജയ് - ബോബി ടീമിന്‍റേതാണ് തിരക്കഥ. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കഥ തയ്യാറാക്കിയതെന്നാണ് സൂചന.
 
ചിത്രത്തില്‍ പ്രതിപക്ഷനേതാവായി മുരളി ഗോപിയും പാര്‍ട്ടി സെക്രട്ടറിയായി ജോജു ജോര്‍ജ്ജും അഭിനയിക്കുന്നു. നിമിഷ സജയന്‍, രഞ്‌ജിത്, ഗായത്രി അരുണ്‍, ബാലചന്ദ്ര മേനോന്‍, സലിം കുമാര്‍, അലന്‍സിയര്‍, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
കടയ്‌ക്കല്‍ ചന്ദ്രന്‍റെ രാഷ്ട്രീയ ജീവിതത്തിനൊപ്പം കുടുംബജീവിതവും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. ഏറെ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും എന്നതില്‍ സംശയമില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article