അധോലോകത്തിന്‍റെ അധിപന്‍, ആരും ഭയക്കുന്ന ഡോണ്‍ - മമ്മൂട്ടിയുടെ ബാഷ !

നീല്‍ ഡേവിസ്

വെള്ളി, 22 നവം‌ബര്‍ 2019 (16:20 IST)
കറുത്ത പണവും ലഹരിയും നിയന്ത്രിക്കുന്ന അധോലോകത്തിന്‍റെ രാജാവിന് അലക്‍സാണ്ടര്‍ എന്നായിരുന്നു പേര്. അവിടെ അയാള്‍ തന്നെയായിരുന്നു നിയമം. അയാള്‍ തന്നെയായിരുന്നു എന്തിന്‍റെയും അവസാനവാക്ക്. 
 
21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം ഒരു മെഗാഹിറ്റ് സിനിമയായിരുന്നു. സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന അധോലോക നായകന്‍ യുവപ്രേക്ഷകരുടെ ആവേശമായി മാറി. സംവിധായകന്‍ ജോമോന്‍റെ ആദ്യ ചിത്രമായിരുന്നു അത്. ജയാനന്‍ വിന്‍സന്‍റായിരുന്നു ക്യാമറ. 
 
സാമ്രാജ്യത്തിന് ആദ്യം മറ്റൊരു തിരക്കഥാകൃത്ത് തിരക്കഥ എഴുതിയെങ്കിലും സംവിധായകനും മമ്മൂട്ടിക്കും തൃപ്തിയായില്ല. ഒടുവില്‍ ഷിബു ചക്രവര്‍ത്തിയെ ഏല്‍പ്പിച്ചു. അദ്ദേഹം അതിഗംഭീരമായ ഒരു സ്ക്രിപ്റ്റ് തയ്യാറാക്കി. ത്രില്ലടിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു സാമ്രാജ്യം. സാമ്രാജ്യത്തില്‍ പാട്ടില്ലല്ലോ. പശ്ചാത്തല സംഗീതം ആരെക്കൊണ്ട് ചെയ്യിക്കണം എന്ന നിര്‍മ്മാതാവിന്‍റെ ചോദ്യത്തിന് ജോമോന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - ഇളയരാജ!
 
ഇളയരാജയെ കാണാനെത്തിയപ്പോള്‍ അദ്ദേഹവും സംവിധായകനോട് ചോദിച്ചു - എത്ര പാട്ടുണ്ട്? പാട്ടൊന്നുമില്ലെന്നും പശ്ചാത്തല സംഗീതമാണെന്നും പറഞ്ഞു. കഥ കേട്ടപ്പോള്‍ മറ്റ് തമിഴ് ചിത്രങ്ങളുടെ ജോലിയൊക്കെ മാറ്റിവച്ച് ഇളയരാജ സാമ്രാജ്യത്തിന്‍റെ ജോലി തുടങ്ങി. സാമ്രാജ്യത്തിന്‍റെ പശ്ചാത്തല സംഗീതത്തിന്‍റെ വശ്യത ഇന്നും പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാണ്. 
 
1990 ജൂണ്‍ 22നായിരുന്നു സാമ്രാജ്യം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ എക്കാലത്തെയും വലിയ കൊമേഴ്‌സ്യല്‍ വിജയമായി സാമ്രാജ്യം മാറി. തമിഴിലും തെലുങ്കിലും മൊഴിമാറ്റിയെത്തിയ സാമ്രാജ്യം അവിടെയും വന്‍ ഹിറ്റായി മാറി. 
 
ഈ സിനിമ കണ്ട് ത്രില്ലടിച്ച സാക്ഷാല്‍ അമിതാഭ് ബച്ചന്‍ സംവിധായകന്‍ ജോമോനെ മുംബൈയിലേക്ക് വിളിപ്പിച്ചു. അമിതാഭിനെയും അഭിഷേക് ബച്ചനെയും അഭിനയിപ്പിച്ച് സാമ്രാജ്യം ഹിന്ദിയില്‍ എടുക്കാനായിരുന്നു പദ്ധതി. അതിനുള്ള അഡ്വാന്‍സും ജോമോന് നല്‍കി. എന്നാല്‍ ആ പ്രൊജക്ട് പല കാരണങ്ങളാല്‍ നടന്നില്ല. യഥാര്‍ത്ഥത്തില്‍, പിന്നീട് ഗാംഗ്സ്റ്റര്‍ ചിത്രമായ ‘ഹം’ അമിതാഭ് ബച്ചന്‍ എടുത്തതിന് പ്രചോദനമായതുതന്നെ സാമ്രാജ്യത്തിന്‍റെ മഹാവിജയമായിരുന്നു. ഹമ്മില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രജനികാന്തിന്‍റെ ബ്ലോക്‍ബസ്റ്റര്‍ സിനിമ ‘ബാഷ’ പുറത്തിറങ്ങുന്നത്.
 
സാമ്രാജ്യത്തിന് ശേഷം അനശ്വരം, ജാക്പോട്ട്, യാദവം, കര്‍മ, സിദ്ദാര്‍ത്ഥ, ഉന്നതങ്ങളില്‍, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്‍ ജോമോന്‍ ഒരുക്കി. എന്നാല്‍ ഈ സിനിമകളൊന്നും സാമ്രാജ്യം എന്ന ചിത്രത്തിന്‍റെ വിജയം ആവര്‍ത്തിച്ചില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം സാമ്രാജ്യത്തിന് മലയാളത്തില്‍ ഒരു തുടര്‍ച്ചയുണ്ടായി. ‘സണ്‍ ഓഫ് അലക്സാണ്ടര്‍’ എന്ന ആ സിനിമ സംവിധാനം ചെയ്തത് തമിഴ് സംവിധായകനായ പേരരശ് ആയിരുന്നു. ഉണ്ണി മുകുന്ദന്‍ അഭിനയിച്ച ആ ചിത്രം ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍