അടുത്ത ഓണം മമ്മൂട്ടി ഇപ്പൊഴേ ഇങ്ങെടുത്തു, പടത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി; ഷൂട്ടിംഗ് ഏപ്രിലില്‍ !

ഷമ്മി അനീസ്
വ്യാഴം, 28 നവം‌ബര്‍ 2019 (19:41 IST)
2020 ഓണക്കാലം മമ്മൂട്ടി ഇപ്പോഴേ ബുക്ക് ചെയ്തു കഴിഞ്ഞു. പ്രേക്ഷകര്‍ക്ക് ആസ്വദിച്ച് ആഘോഷിക്കാന്‍ പറ്റിയ ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ് മമ്മൂട്ടി തയ്യാറാക്കി വച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും അടുത്ത വര്‍ഷം ഓണത്തിന് മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനെത്തുക.
 
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇക്‍ബാല്‍ കുറ്റിപ്പുറമാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ തിരക്കുകാരണമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഏപ്രിലിലേക്ക് മാറ്റിയത്.
 
അത് സത്യന്‍ അന്തിക്കാടും അംഗീകരിച്ചു. അതുവരെയുള്ള സമയം തിരക്കഥ കൂടുതല്‍ നന്നാക്കാനായി ഉപയോഗിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും.
 
സത്യന്‍ അന്തിക്കാട് 2019ല്‍ സിനിമയൊന്നും സംവിധാനം ചെയ്തില്ല. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആണ് അദ്ദേഹം ഒടുവില്‍ ചെയ്ത സിനിമ. അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കിയാണെന്ന് തീരുമാനിച്ചതുമുതല്‍ അദ്ദേഹത്തിന്‍റെ ഡേറ്റ് ശരിയാകുന്നതിനായി കാത്തിരിക്കുകയാണ്. എന്തായാലും അടുത്ത ഓണക്കാലത്ത് സത്യന്‍ - മമ്മൂട്ടി മാജിക് എല്ലാവര്‍ക്കും ഓണസദ്യതന്നെയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

Next Article