മോഹന്‍ലാല്‍ ചിത്രം ‘കിംഗ് റിച്ചാര്‍ഡ്’

Webdunia
ബുധന്‍, 22 ജൂലൈ 2009 (15:17 IST)
ഫോട്ടോഗ്രാഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കിംഗ് റിച്ചാര്‍ഡ്’ എന്നു പേരിട്ടു. സമ്പൂര്‍ണ ആക്ഷന്‍ ത്രില്ലറായ ഈ ചിത്രം ഒരു വാണിജ്യ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ചേര്‍ത്ത് തയ്യാറാക്കുന്നതാണ്.

ഇത്തവണ ചിത്രത്തിന്‍റെ തിരക്കഥ രഞ്ജന്‍ പ്രമോദല്ല രചിക്കുന്നത്. ജോണ്‍ പോളിന്‍റെ തിരക്കഥയിലാണ് രഞ്ജന്‍ സിനിമയൊരുക്കുക. അതിരാത്രത്തിന് ശേഷം ജോണ്‍പോള്‍ രചിക്കുന്ന ആക്ഷന്‍ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തന്‍റെ തിരക്കഥകള്‍ വാണിജ്യപരമായി നേട്ടമുണ്ടാക്കാത്തതിനാല്‍ പതിവു വഴിയില്‍ നിന്ന് ജോണ്‍പോളിന്‍റെ ഒരു മാറിനടത്തം കൂടിയാണ് കിംഗ് റിച്ചാര്‍ഡ്.

വര്‍ണചിത്ര ബിഗ് സ്ക്രീനും സമ്മര്‍ ഇന്ത്യന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫോട്ടോഗ്രാഫറിനേറ്റ കനത്ത പരാജയത്തിനു ശേഷം സിനിമാ രംഗത്തു നിന്ന് മാറി നിന്ന രഞ്ജന്‍ ഈ സിനിമയിലൂടെ ഒരു ഉയിര്‍ത്തെഴുന്നേല്പിന് ശ്രമിക്കുകയാണ്.
PROPRO

ഫോട്ടോഗ്രാഫര്‍ സംവിധാനം ചെയ്യുന്നതിന് മുന്‍പ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള തിരക്കഥാകൃത്തുക്കളില്‍ ഒരാളായിരുന്നു രഞ്ജന്‍ പ്രമോദ്. രണ്ടാം ഭാവം, മീശ മാധവന്‍, മനസ്സിനക്കരെ, അച്ചുവിന്‍റെ അമ്മ, നരന്‍ എന്നീ തിരക്കഥകളിലൂടെ വാണിജ്യ സിനിമയുടെ ശക്തനായ വക്താവായി രഞ്ജന്‍ മാറിയിരുന്നു.

തിരക്കഥകള്‍ തുടര്‍ച്ചയായി വിജയം കണ്ടപ്പോഴാണ് മോഹന്‍ലാലിനെ നായകനാക്കി ഫോട്ടോഗ്രാഫര്‍ എന്ന സിനിമ സംവിധാനം ചെയ്യാന്‍ രഞ്ജന്‍ തീരുമാനിച്ചത്. എന്നാല്‍ ആ തീരുമാനം രഞ്ജന് തിരിച്ചടിയായി. മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിരുന്നു ഫോട്ടോഗ്രാഫര്‍.

ഫോട്ടോഗ്രാഫറിന്‍റെ പരാജയത്തെ തുടര്‍ന്ന് തിരക്കഥാകൃത്തുക്കള്‍ വേണ്ടത്ര പരിചയം ലഭിക്കാതെ സംവിധായകരാകുന്നതിനെതിരെ മോഹന്‍ലാല്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇത് രഞ്ജനെതിരെയായിരുന്നു എന്ന് വ്യക്തം. എന്തായാലും രഞ്ജന് മോഹന്‍ലാല്‍ ഒരവസരം കൂടി നല്‍കുകയാണ്. അത് രഞ്ജന്‍ മുതലാക്കുമോ എന്ന് കാത്തിരുന്ന് കാണാം.