ജനപ്രിയ നായകൻ ദിലീപിന്റെ ‘രാമലീല’ നേടുന്നത് സമാനതകളില്ലാത്ത വിജയമാണ്. പുലിമുരുകന്‍റെ നിര്‍മ്മാതാവിന് പുലിമുരുകനെ വെല്ലുന്ന വിജയമാണ് രാമലീല സമ്മാനിക്കുന്നത്. സംവിധായകൻ അരുണ്‍ ഗോപിയുടെ ആദ്യചിത്രം തന്നെ മെഗാഹിറ്റ്.
കുടുംബപ്രേക്ഷകരാണ് രാമലീലയെ വൻ വിജയമാക്കി മാറ്റുന്നത്. രാമലീല രാജ്യമെങ്ങും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തിലും വന്‍ മുന്നേറ്റമുണ്ടാക്കിയ ചിത്രം ദിലീപിന്‍റെ കരിയറിലെയും മലയാള സിനിമയുടെ ചരിത്രത്തിലെയും ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്.
തിയറ്ററിലെത്തി ആദ്യ വാരം 20 കോടി പിന്നിട്ട ചിത്രമാണ് രാമലീല. ദിലീപിന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം ആദ്യ വാരം 20 കോടി കളക്ഷന്‍ നേടുന്നത്. റിലീസ് ചെയ്ത 11 ദിവസം പിന്നിടുമ്പോള്‍ രാമലീലയുടെ കളക്ഷന്‍ 25 കോടി പിന്നിട്ടിരിക്കുകയാണ്.
സച്ചി തിരക്കഥയെഴുതിയ ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പങ്ങളുടെ കഥ കൂടിയാണ്. രാമനുണ്ണി എന്ന കഥാപാത്രത്തെ ദിലീപ് ഉജ്ജ്വലമാക്കിയിരിക്കുന്നു.
ദിലീപിന്‍റെ ജീവിതത്തിലെ സമകാലീന അവസ്ഥയോട് ഏറെ സമാനമായ കഥാ സന്ദര്‍ഭങ്ങളാണ് രാമലീലയ്ക്കുള്ളത്. അതുതന്നെയാണ് സിനിമയിലേക്ക് ആകര്‍ഷിക്കുന്ന കൌതുകമെങ്കിലും മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രത്തെ ചരിത്രം രേഖപ്പെടുത്തുക.
‘പുതിയകാലത്തിന്‍റെ ജോഷി’ എന്നാണ് അരുണ്‍ ഗോപിയെ ഇപ്പോള്‍ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. അത്രയും മികച്ച ഷോട്ടുകളും സംവിധാനമികവുമാണ് രാമലീലയ്ക്ക്. ടോമിച്ചന്‍ മുളകുപാടം എന്ന കൌശലക്കാരനായ നിര്‍മ്മാതാവിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ കൂടിയായപ്പോള്‍ കോടികള്‍ വാരുകയാണ് ഈ ദിലീപ് ചിത്രം.