രാമലീല ഭൂമി കുലുക്കുന്ന വിജയം, ദിലീപ് പ്രതിഫലം കുത്തനെ കൂട്ടി?

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (16:15 IST)
മലയാള സിനിമയില്‍ ദിലീപിന്‍റെ പടയോട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ‘രാമലീല’ മഹാവിജയമാകുമ്പോള്‍ ദിലീപിന്‍റെ താരമൂല്യവും കുതിച്ചുയര്‍ന്നു. ഒപ്പം പ്രതിഫലത്തില്‍ ദിലീപ് വന്‍ വര്‍ദ്ധനവ് വരുത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
രണ്ടുമുതല്‍ രണ്ടരക്കോടി രൂപ വരെ വാങ്ങിക്കൊണ്ടിരുന്ന ദിലീപ് പ്രതിഫലം മൂന്നര മുതല്‍ നാലുകോടി വരെയാക്കി വര്‍ദ്ധിപ്പിച്ചു എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഏരിയ തിരിച്ചുള്ള വിതരണാവകാശവും ദിലീപിന് നല്‍കണം.
 
അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല പ്രതിസന്ധികള്‍ക്കിടയിലും നേടുന്ന അത്ഭുതവിജയമാണ് ദിലീപ് എന്ന താരരാജാവിന് വീണ്ടും തുണയായിരിക്കുന്നത്. ഇതോടെ വമ്പന്‍ സംവിധായകരും തിരക്കഥാകൃത്തുക്കളും ദിലീപിനായി വലിയ ബജറ്റ് സിനിമകള്‍ ആലോചിച്ചുതുടങ്ങി.
 
ഇപ്പോള്‍ ‘കമ്മാരസംഭവം’ എന്ന പ്രൊജക്ടുമായാണ് ദിലീപ് സഹകരിക്കുന്നത്. അതിനുശേഷം പ്രൊഫസര്‍ ഡിങ്കന്‍. ഈ രണ്ട് സിനിമകളും ബിഗ് ബജറ്റ് പ്രൊജക്ടുകളാണ്. ഇതിനുശേഷം വരുന്ന ദിലീപ് ചിത്രങ്ങളുടെയെല്ലാം മിനിമം ബജറ്റ് 12 കോടി രൂപയായിരിക്കുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article