മമ്മൂട്ടിയെന്ന നടന്റെ കണ്ണ് നിറഞ്ഞാൽ കണ്ട് കൊണ്ടിരിക്കുന്നവരുടെയും കണ്ണുകൾ ഈറനണിയും. കഥാപാത്രത്തിന്റെ മാനസിക സമ്മർദ്ദം കണ്ടിരിക്കുന്നവരിലേക്കും വേഗത്തിൽ എത്തിക്കാൻ കഴിയുന്ന നടനാണ് മമ്മൂട്ടി. റാം സംവിധാനം ചെയ്ത പേരൻപും അത്തരത്തിലൊരു സിനിമയാണ്. മനസിനോടും മാനസികനിലയോടും ഏറെ അടുത്ത് നിൽക്കുന്ന മനോഹരമായ സിനിമ.
മോഹൻലാൽ - മമ്മൂട്ടി ഫാൻ ഫൈറ്റുകൾ വർഷങ്ങളായുള്ളതാണ്. രഹസ്യമായി ഇഷ്ടപ്പെടുന്ന സിനിമകൾ പോലും പരസ്യമായി എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന നിരവധി ആരാധകർ ഇപ്പോഴുമുണ്ട്. ഒരു നടനോടുള്ള ആരാധന മൂലം മറ്റൊരു നടന്റെ സിനിമകൾ കാണാതിരിക്കുന്നവരും ചുരുക്കമല്ല.
എന്തൊക്കെയാണെങ്കിലും റാമിന്റെ പേരൻപ് കാണാതിരിക്കാൻ സിനിമയെ സ്നേഹിക്കുന്നവർക്ക് കഴിയില്ലെന്നാണ് വസ്തുത. മമ്മൂട്ടിയെന്ന നടൻ എന്താണെന്ന് അറിയണമെങ്കിൽ കുറച്ച് വർഷങ്ങൾ മുൻപുള്ള സിനിമകൾ കാണണം. അത്തരത്തിൽ അദ്ദേഹത്തിന്റെ അഭിനയം എന്താണെന്ന് മനസിലാക്കി തരുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
ഒരിക്കൽ അവോയ്ഡ് ചെയ്ത കുറെ ചിത്രങ്ങൾ മമ്മൂട്ടിയുടേതായി ഉണ്ടെന്നും. വർഷങ്ങൾക്ക് ശേഷം അമരം, കോട്ടയം കുഞ്ഞച്ചൻ, മൃഗയ, വിധേയൻ പോലുള്ളവ റീ വാച്ച് ചെയ്യുമ്പോഴാണ് ശരിക്കും മമ്മൂട്ടി എന്ന നടന്റെ റേഞ്ച് എന്തായിരുന്നു എന്ന് മനസ്സിലാകുക എന്ന് സശ്വത് സുരേഷ് സിനിമ പാരഡിസോ ക്ലബിൽ എഴുതിയ പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
വൈകാരികതയോട് വലിയ പ്രതിപത്തി ഒന്നും ഇല്ല. എന്നാലും വികാരങ്ങളെ കുറിച്ച് പറയുന്ന ഈ കുറിപ്പിൽ അല്പം വൈകാരികത കലർന്നേക്കാം. പറയുന്നത് മമ്മൂട്ടി എന്ന നടനെ കുറിച്ചാണ്. (മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചല്ല എന്ന് ഇക്ക ഫാൻസ് പ്രത്യേകം ശ്രദ്ധിക്കുക.)
കുറച്ചു വർഷങ്ങൾക്ക് മുൻപ് കുറേ ഓൺലൈൻ ഫ്രെണ്ട്സ് പങ്കെടുത്ത ഒരു ത്രെഡിൽ സിനിമയിൽ ഓവർയൂസ് ചെയ്തു വന്നിരുന്ന വള്ളുവനാടൻ ശൈലിയെ സർക്കസിച്ച് കൊണ്ട് തറവാട് ഭാഗം വെക്കുന്ന സീൻ ഒക്കെ തമാശയായി പറഞ്ഞിരുന്നു പലരും. ഇതിലൊക്കെ ബട്ട് ഓഫ് ദി ജോക്ക്സ് ആയിരുന്നത് നാട്ടിൻപുറം നന്മ ഓവർഡോസ് ആക്കി കുത്തിക്കയറ്റിയ വാത്സല്യം എന്ന ഫീൽഗുഡ് സിനിമയും. പിന്നീട് വാത്സല്യം ഒരിക്കൽ ടിവിയിൽ വന്ന സമയത്ത് അതിലെ ഓരോ ഡയലോഗും കേൾക്കുമ്പോൾ ഇതൊക്കെ ഓർത്ത് ചിരി വരും. ആ സിനിമ മൊത്തം എന്നെ സംബന്ധിച്ച് കോമഡി ആയി മുന്നേറിയപ്പോഴും അവസാനം ക്ലൈമാക്സ് സീനിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കണ്ഠം ഒന്ന് ഇടറിയപ്പോൾ പൊടുന്നനെ കണ്ണിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്ന പോലെ ഒരു ഫീൽ. കണ്ണ് ഒന്ന് നനഞ്ഞ പോലെ.
ഒരിക്കലും മമ്മൂട്ടി എന്ന നടന്റെ ഫാൻ ആയിരുന്നില്ല. എന്നെങ്കിലും ഏതെങ്കിലും മലയാള നടന്റെ ഫാൻബോയ് ആയിരുന്നെങ്കിൽ അത് 90കളിലെ മോഹൻലാലിന്റേതായിരുന്നു. ഒന്നാമനും പ്രജയും അത് പോലത്തെ ലോഡ് കണക്കിന് പടങ്ങളും ഒക്കെ കണ്ട് നിരാശനായതോടെ ആ ഇഷ്ടം ഏതാണ്ട് നിന്നു. അത് കൊണ്ട് ഉണ്ടായ നഷ്ടം എന്ന് വെച്ചാൽ ഈ സമയത്തൊക്കെ (അതിന് മുൻപും) ഉണ്ടായിരുന്ന ഭൂരിഭാഗം മമ്മൂട്ടി സിനിമകളും ടിവിയിൽ വരുമ്പോൾ പോലും അവോയ്ഡ് ചെയ്തു വിടുമായിരുന്നു എന്നതാണ്. മമ്മൂട്ടിയുടെ തിയേറ്ററിൽ നിന്ന് കണ്ട് ഇഷ്ടപ്പെട്ട ആദ്യത്തെ സിനിമ ഒരു പക്ഷേ 'കാഴ്ച' ആയിരിക്കും.
കഴിഞ്ഞ ഒരു 2-3 വർഷത്തിന് ഇടയിലാണ് പണ്ട് മിസ്സ് ആക്കിയതോ അല്ലെങ്കിൽ തീരെ ചെറുപ്പത്തിൽ കണ്ടതോ ആയ പല സിനിമകളും യൂട്യൂബിലും മറ്റുമായി കാണുന്നത്. 'ഉത്തരം' പോലുള്ള സിനിമകൾ ഇങ്ങനെ കണ്ടതാണ്. അമരം, കോട്ടയം കുഞ്ഞച്ചൻ, മൃഗയ, വിധേയൻ പോലുള്ളവ റീ വാച്ച് ചെയ്യുകയും ചെയ്തു. അപ്പോഴാണ് ശരിക്കും മമ്മൂട്ടി എന്ന നടന്റെ റേഞ്ച് എന്തായിരുന്നു എന്ന് മനസ്സിലാകുന്നതും, ഇപ്പോഴത്തെ ദൃശ്യം-പുലിമുരുകൻ റാറ്റ് റേസിൽ പുള്ളി ചെയ്യുന്ന പല റോളുകളോടും സഹതാപം തോന്നുന്നതും.
ഇത്രയും പറയാൻ കാരണം, ഇന്നാണ് പേരമ്പിന്റെ ടീസർ കാണുന്നത്. അര മിനിറ്റ് കഴിഞ്ഞപ്പോൾ "ഇതുക്ക് മേലെ എന്ന പൺറത്‌ന്ന് അപ്പാവുക്ക് പുരിയലേ മാ..." എന്ന ഒറ്റ ഡയലോഗിൽ വീണ്ടും ഞരമ്പുകൾ വലിഞ്ഞു മുറുകുന്ന അതേ ഫീൽ. കണ്ണ് വീണ്ടും ചെറുതായി നനയുന്നു. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും മമ്മൂട്ടി തന്നിലെ നടനെ കൈമോശം വരുത്തിയിട്ടില്ല. രാകി മിനുക്കിയിട്ടേയുള്ളൂ.
ഇതുക്ക് അപ്പുറം നീ ഒന്നും പണ്ണ വേണാപ്പാ. ഇത് ധാരാളമാ പോതുമേ. ഫെബ്രുവരി ഒന്നിന് വേണ്ടി, വർഷങ്ങൾക്ക് ശേഷം ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി കാത്തിരിപ്പ് ആരംഭിക്കുകയാണ്.
PS:- തങ്കമീൻഗൾ സംവിധായകൻ റാം വർഷങ്ങളോളം എടുത്ത് ഒരു നടനെ മാത്രം കണ്ട് സ്ക്രിപ്റ്റ് ഡെവലപ്പ് ചെയ്തിട്ടുണ്ടെങ്കിൽ, അയാൾക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്നിട്ടുണ്ടെങ്കിൽ അതിൽ എന്തെങ്കിലും ഒക്കെ കാണാതിരിക്കില്ല എന്ന വിശ്വാസവും ഉണ്ട്. പുള്ളിയുടെ കട്രത് തമിഴ് കണ്ടിട്ടില്ല. പേരൻപിന് മുന്നേ അത് കാണുന്നതായിരിക്കും.