Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

മാമാങ്കത്തിന്റെ അണിയറയിൽ നടന്നതെന്ത്? മമ്മൂട്ടി ഇടപെട്ടോ? - വെളിപ്പെടുത്തലുമായി നിർമ്മാതാവ്

സജീവ് പിള്ള
, ചൊവ്വ, 29 ജനുവരി 2019 (11:44 IST)
മാമാങ്കം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ഈ ചിത്രവുമായി സംവിധായകൻ സജീവ് പിള്ളയ്‌ക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറയുന്നു. പത്രക്കുറിപ്പിലൂടെ സജീവ് പിള്ളയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളുമായാണ് വേണു കുന്നപ്പിള്ളി രംഗത്തെത്തിയിരിക്കുന്നത്.
 
സംവിധായകന്റെ പരിചയക്കുറവ് കാരണം വന്‍ നഷ്ടമാണ് ചിത്രത്തിന് സംഭവിച്ചതെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. 2019 അവസാനമോടെ ചിത്രം പുറത്തിറങ്ങുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു.
 
വിശദീകരണക്കുറിപ്പിന്റെ പൂർണരൂപം:-  
 
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഞങ്ങളുടെ മാമാങ്കം സിനിമയെ സംബന്ധിച്ച് ചില മാധ്യമങ്ങളിൽ കൂടി നടക്കുന്ന അസത്യപ്രചരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനറായ വിവേക് രാമദേവൻ വഴിയാണ് 2017 ജനുവരിയിൽ സിനിമയുടെ ആദ്യഘട്ട ചർച്ചകൾക്കായി സജീവ് പിള്ള എന്നെ സമീപിക്കുന്നത്. വിവേകിന്റെ വാക്കുകളിൽ നിന്നും അദ്ദേഹത്തിന്റെ സുഹൃത്താണ് സജീവ് എന്നും സജീവിന്റെ കഥയെക്കുറിച്ചും അറിയുന്നത്.
 
നിർമാണത്തിന് വലിയ മുടക്കുമുതൽ ആവശ്യം വരുമെന്ന് അറിയാവുന്നത് കൊണ്ടും ഒരു തുടക്കക്കാരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാൻ ആദ്യം മനസ്സ് വന്നില്ലെങ്കിലും, താൻ പല മുൻ‌നിര സംവിധായകരുടെയും അസോസിയേറ്റ് ആയും ചെറിയ ചില സിനിമകൾ സ്വതന്ത്രമായും എടുത്തിട്ടുണ്ടെന്ന സജീവ് പിള്ളയുടെ വാക്കുകളെ വിശ്വസിച്ചു കൊണ്ടും ആത്മ വിശ്വാസത്തെ അംഗീകരിച്ചു കൊണ്ടുമാണ് ചില വ്യവസ്ഥകളോടെ സിനിമ ആരംഭിക്കാൻ തയ്യാറായത്.
 
കഥയുമായി ബന്ധപ്പെട്ട പല ചർച്ചകൾക്കിടയിലും സജീവ് മുമ്പ് ചെയ്ത സിനിമകൾ കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് അദ്ദേഹം ബോധപൂർവം നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വിശ്വാസത്തിൽ എടുത്തുകൊണ്ട് പരസ്പരമുള്ള ചർച്ചകൾക്ക് ശേഷം ഒരു എഗ്രിമെന്റ് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെന്നു പറഞ്ഞ രണ്ട് തിരുത്തലുകൾക്ക് ശേഷം 13/9/17 ൽ ഇരു കക്ഷികളും മൂന്ന് സാക്ഷികൾ മുമ്പാകെ മുദ്രപത്രത്തിൽ ഈ എഗ്രിമെന്റ് ഒപ്പിട്ടു കൈമാറുകയുണ്ടായി.
 
എഗ്രിമെന്റ് പ്രകാരം മൂന്ന് ലക്ഷം (300000/) രൂപ സ്‌ക്രിപ്‌റ്റിന്റെ പ്രതിഫലമായും ഇരുപത് ലക്ഷം രൂപ സംവിധാനത്തിനുള്ള പ്രതിഫലവുമായാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ സ്ക്രിപ്റ്റിന്റെ മൂന്ന് ലക്ഷം (300000/) രൂപ അടക്കം വരുന്ന ഇരുപത്തിമൂന്ന് ലക്ഷത്തിൽ ഇരുപത്തിയൊന്ന് ലക്ഷത്തി എഴുപത്തയ്യായിരം (2175000/) രൂപയും ഇതുവരെ കൊടുത്തിട്ടുള്ളതാണ്.
 
എഗ്രിമെന്റിലെ മൂന്നാം പേജിലെ D Clause പ്രകാരം മൂന്ന് ലക്ഷം പ്രതിഫലം വാങ്ങി സ്ക്രിപ്റ്റും അതിനോട് ബന്ധപ്പെട്ടുള്ള എല്ലാ അവകാശങ്ങളും, കഥ, തിരക്കഥ, സംഭാഷണം, കൺ‌സപ്റ്റ്, എല്ലാ വിധത്തിലുമുള്ള പകർപ്പവകാശവും സംവിധായകൻ നിർമാതാവിന് കൊടുത്തിട്ടുള്ളതാണ്. സംവിധായകന്റെ പരിചയക്കുറവ് ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ബോധ്യം വന്നതിനാൽ പത്തു ദിവസം മാത്രമുള്ള ഒരു ടെസ്റ്റ് ഷെഡ്യൂൾ ആയാണ് ഒരു നിശ്ചിത ബജറ്റിൽ ആദ്യ ഷെഡ്യൂൾ മംഗലാപുരത്ത് പ്ലാൻ ചെയ്തത്.
 
എന്നാൽ പറഞ്ഞുറപ്പിച്ച ബജറ്റിന്റെ മൂന്നിരട്ടി ചിലവാകുകയും സിനിമയുടെ ക്വാളിറ്റി ഒരു തരത്തിലും ഉപയോഗിക്കാൻ പറ്റുന്നവണ്ണം ആയിരുന്നില്ല. എഡിറ്റിന് ശേഷമാണ് ക്വാളിറ്റിയെ കുറിച്ച് ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. എന്നാൽ ഷൂട്ടിന്റെ ഇടയിൽ തന്നെ സാങ്കേതിക പ്രവർത്തകർക്കിടയിലും അഭിനേതാക്കൾക്കിടയിലും സംവിധായകന്റെ പരിചയക്കുറവ് ചർച്ചയായിരുന്നു. ഏതാണ്ട് നാല് സിനിമയ്ക്കുള്ള ഫുട്ടേജ് ആണ് വളരെ ചെറിയ ഷെഡ്യൂളിൽ ആത്മ വിശ്വാസക്കുറവ് കാരണം ഈ സംവിധായകൻ എടുത്ത് കൂട്ടിയത്.
 
ഇതിനെ തുടർന്ന് സംവിധായകൻ സജീവ് പിള്ള തന്റെ കുറവുകൾ ഏറ്റുപറയുകയും പരിചയസമ്പത്തുള്ള രണ്ട് അസോസിയേറ്റ് ഡഡറക്ടർമാരെ ആവശ്യപ്പെടുകയും ചെയ്തു. തെറ്റ് തിരുത്തി മുന്നോട്ടു പോകാമെന്നുള്ള സജീവിന്റെ ഉറപ്പിലാണ് ആവശ്യപ്പെട്ട പരിചയ സമ്പന്നരായ രണ്ട് അസോസിയേറ്റ്‌സിനെ ഉൾപ്പെടുത്തി രണ്ടാം ഷെഡ്യൂൾ ഷൂട്ട് ആരംഭിച്ചത്.

45 ദിവസം പ്ലാൻ ചെയ്ത സെക്കൻ‌ഡ് ഷെഡ്യൂൾ ആരംഭിച്ചതിനു ശേഷം മുൻ തീരുമാനങ്ങൾക്ക് വിരുദ്ധമായി പുതിയ രണ്ട് അസോസിയേറ്റ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തുവാനോ മുതിർന്ന അഭിനേതാവിന്റെ നിർദേശങ്ങൾ പോലും ചെവിക്കൊള്ളാതെ കർക്കശ സ്വഭാവം കാണിക്കുകയും ആദ്യ ഷെഡ്യൂൾ പോലെ തന്നെ സിനിമയിൽ ഒരിക്കലും ഉപയോഗിക്കാന്ൻ സാധിക്കാത്ത സീനുകൾ ആണെന്ന് ബോധ്യപ്പെട്ടതിനാൽ ഇരുപത്തിയേഴാം ദിവസം ഷൂട്ടിങ് നിർത്തിവെച്ചു.
 
സിനിമയുടെ ബഡ്ജറ്റ് നിജപ്പെടുത്തിയിരിക്കുന്നത് എഗ്രിമെന്റ് Clause: 1-1.2. കൊടുത്തിട്ടുള്ളതാണ്. എന്നാൽ സിനിമയുടെ ആകെ ചെയ്ത 37 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ബജറ്റ് തുകയുടെ എഴുപത് ശതമാനത്തോളം ചിലവാകുകയും ഡാൻ‌സ് ആൻഡ് ഫൈറ്റ് മാസറ്റേർസ് ചെയ്ത രണ്ട് ഡാൻസുകളും ഒരു ഫൈറ്റും അല്ലാതെ മറ്റൊരു ഭാഗവും ഈ സിനിമക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ഇക്കാര്യം മലയാള സിനിമയിലെ പല പ്രമുഖ സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും കണ്ട് ബോധ്യപ്പെട്ടതാണ്.
 
ഈ സിനിമ മുന്നോട്ടു കൊണ്ടുപോകാനായി മുതിർന്ന അഭിനേതാവിന്റെ മധ്യസ്ഥതയിൽ പ്രധാനപ്പെട്ട എല്ലാവരും ചേർന്ന് ഒരു മീറ്റിങ് നടത്തുകയും ഒരു ക്രിയേറ്റീവ് ഡയറക്ടറെ വച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചു പിരിയുകയും ഡയറക്ടർ ഏകപക്ഷീയമായി ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയുകയും ഉണ്ടായി. ഇതിനു ശേഷം ഒന്നും സംഭവിച്ചതായി ഭാവിക്കാതെ എന്നാൽ പിന്നീട് കോടതിയിൽ ഉപയോഗിക്കാനാണെന്ന് വ്യക്തമാകുന്ന വിധത്തിൽ ജൂലൈ 13, ഒക്ടോബർ 7 എന്നീ ദിവസങ്ങളിൽ ഞാൻ ഭംഗിയായി ഷൂട്ട് ചെയ്തെന്നും ഇനിയെന്നാണ് അടുത്ത ഷൂട്ടിങ് എന്നെല്ലാം ചോദിച്ചു കൊണ്ട് ഡയറക്ടർ ഇമെയിൽ സന്ദേശം അയച്ചു. ഇതിൽനിന്ന് ഇദ്ദേഹവുമായി മുന്നോട്ടു പോകാൻ സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാൽ 13/9/2017 ലെ എഗ്രിമെന്റിലെ Clause 7-2.5 അനുസരിച്ച് 10/10/2018 ൽ ടെർമിനേഷൻ നോട്ടീസ് അയച്ചിട്ടുള്ളതുമാകുന്നു.
 
എങ്കിലും 12/11/2018 ൽ ഫിലിം ചേംബറും ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേർന്നൊരു മീറ്റിംഗ് സംഘടിപ്പിക്കുകയും അതിൽ ഡയറക്ടറും പ്രൊഡ്യൂസറും കൂടാതെ പത്ത് യൂണിയൻ പ്രതിനിധികളും ഉണ്ടായിരുന്നു. പ്രസ്തുത മീറ്റിങ്ങിൽ വിഷയം എങ്ങനെ തീർപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന അസോസിയേഷനുകളുടെ ചോദ്യത്തിന് ഞാൻ ചില ഓപ്ഷൻ‌സ് പറയുകയുണ്ടായി.
 
സജീവ് പിള്ള മറ്റേതെങ്കിലുമൊരു നിർമാതാവുമായി വന്നാൽ ചിലവായ തുകയ്ക്ക് പകരമായി (ഓഡിറ്റ് ചെയ്ത കണക്ക് പ്രകാരം) മുഴുവൻ അവകാശങ്ങളും ഇതുവരെ ഷൂട്ട് ചെയ്ത ഫുട്ടേജും കൊടുക്കാൻ തയാറാണ് എന്നതായിരുന്നു. ഈ സംവിധായകനെ വച്ചു കൂടുതൽ നഷ്ടം വരുത്താൻ ഇനിയും കഴിയാത്തതിനാൽ സിനിമ ഇവിടെ വച്ചു നിർത്താൻ നിർബന്ധിതനാവുകയാണ്. 13/7/17 ൽ ഒപ്പ് വച്ച എഗ്രിമെന്റ് പ്രകാരം സംവിധായകനെ മാറ്റി പകരം മറ്റൊരാളെ നിയോഗിക്കാനുള്ള അധികാരം നിർമാതാവിന് ഉണ്ടായിരിക്കും.
 
എന്നാൽ മറ്റൊരു നിർമാതാവിനെ കൊണ്ടുവരാൻ തനിക്കാവില്ലെന്ന് സജീവ് പിള്ള തുറന്നു സമ്മതിക്കുകയും, ഇത്രയധികം ചിലവ് ചെയ്ത ശേഷം സിനിമ നിർത്തി പോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും, എന്നാൽ സംവിധായകനെ മാറ്റുന്നത് ചില പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ആയതിനാൽ മറ്റൊരു സീനിയർ സംവിധായകനെ കൊണ്ടുവന്ന് സിനിമ പൂർത്തിയാക്കണം എന്നും അസോസിയേഷൻസ് അഭിപ്രായപ്പെട്ടു.
 
അങ്ങനെ എല്ലാവരും ചേർന്ന് എടുത്ത തീരുമാന പ്രകാരം ഒരു സീനിയർ സംവിധായകനെ വച്ച് സിനിമയുടെ ഷൂട്ടിങ്ങും അനുബന്ധ ജോലികളും മുഴുമിപ്പിക്കാൻ തീരുമാനിച്ചു. പുതിയ സംവിധായകനെ തീരുമാനിക്കാനുള്ള അവകാശം പ്രൊഡ്യൂസറെ ഏൽപ്പിക്കുകയും അസോസിയേഷൻ ഭാരവാഹികളും പ്രൊഡ്യൂസറും ഡയറക്ടറും മീറ്റിംഗ് മിനിറ്റ്‌സിൽ ഒപ്പിട്ടിട്ടുള്ളതാണ്.
 
ഇതേ തുടർന്ന് നിർമാതാക്കളുടെ അസോസിയേഷനും ഫെഫ്ക്കയും ഈ ചിത്രം പൂർത്തിയാക്കാൻ സീനിയർ സംവിധായകനായ എം പദ്മകുമാരിന്റെ പേര് പരാമർശിക്കുകയും, പദ്മകുമാറുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ഇത്തരം പ്രശ്‌നങ്ങൾ നില നിൽ‌ക്കുന്നതിനാൽ ഈ ചിത്രം ചെയ്യാൻ താല്പര്യക്കുറവുണ്ടെന്നും തന്നെ ഒഴിവാക്കി തരണമെന്നും പദ്മകുമാർ ഫെഫ്ക്കയോടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനനോടും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ രണ്ട് അസോസിയേഷനുകളുടെയും ശക്തമായ ആവശ്യ പ്രകാരമാണ് എം പദ്മകുമാർ ഈ പ്രോജക്‌ട് ഏറ്റെടുത്തിട്ടുള്ളത്.
 
ഏറ്റെടുക്കുന്നതിനു മുമ്പ് മുൻ സംവിധായകൻ സജീവ് പിള്ളയുമായി അസോസിയേഷൻ ഭാരവാഹികൾക്കൊപ്പം പദ്മകുമാർ സംസാരിക്കുകയും സജീവ് പിള്ള സഹകരിക്കാമെന്ന് പറയുകയും ചെയ്തതിനെ തുടർന്നാണ് എം. പദ്മകുമാർ ഈ സിനിമ ചെയ്യാൻ സമ്മതം അറിയിച്ചത്. തുടർന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എം. പദ്മകുമാറിനെ വച്ച് സിനിമ പൂർത്തിയാക്കുവാനും കാര്യങ്ങൾ സുഗമമായി നടത്താനായി അസോസിയേഷന്റെ ഭാഗത്ത് നിന്നും ശ്രീ. രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തു.
 
ഈ ഉറപ്പിനെ തുടർന്ന് നാലിടത്തായി സെറ്റ് വർക്കുകൾ വീണ്ടും ആരംഭിക്കുകയും മുന്നൂറളം തൊഴിലാളികൾ പ്രത്യക്ഷത്തിലും അറുന്നൂറോളം പേർ പരോക്ഷമായും പണിയെടുത്തു കൊണ്ട് മൂന്ന് കോടിയോളം ഇപ്പോൾ തന്നെ ചിലവാക്കി മൂന്നാം ഷെഡ്യൂൾ സെറ്റ് വർക്ക് അവസാന ഘട്ടത്തിലെത്തുകയും, ജനുവരി 25ന് ഷൂട്ട് പ്ലാൻ ചെയ്ത് മുന്നോട്ടു പോകുമ്പോഴാണ് ജനുവരി 16 ന് സജീവ് പിള്ളയുടെ വക്കീൽ നോട്ടീസ് എനിക്ക് കിട്ടുന്നത്.
 
വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പരാമർശിച്ചു കൊണ്ട് ഭീഷണി സ്വരത്തിലായിരുന്നു ഈ നോട്ടീസ്. ഇതുവരെയായി നിർമാതാവ് സംവിധായകന് തുക ഒന്നും തന്നെ കൊടുത്തിട്ടില്ലെന്നും മറ്റുമുള്ള പച്ച കള്ളങ്ങളായിരുന്നു ഈ നോട്ടീസിൽ 25 ന് നിശ്ചയിച്ച ഷൂട്ടിങ് മുടക്കുവാനായി അദ്ദേഹമയച്ച വക്കീൽ നോട്ടീസിന്റെ മറുപടി കൈപ്പറ്റാതിരിക്കാൻ സാധ്യത ഉള്ളതിനാൽ അദ്ദേഹത്തിന്റെ വിലാസം ഉറപ്പു വരുത്തിയതിനു ശേഷമാണ് മറുപടി അയച്ചത്.
 
സജീവ് കമ്പനിക്ക് വരുത്തി വെച്ച ഭീകര നഷ്ടങ്ങൾക്കും കമ്പനിയുടെ സൽപ്പേര് ഇല്ലാതാക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര ശ്രമങ്ങൾക്കും എഗ്രിമെന്റ് വ്യവസ്ഥകൾക്ക് വിരുദ്ധമായി മീഡിയക്ക് മുന്നിൽ സിനിമയെ കളങ്കപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുത്തു കൊണ്ട് നിയമപരമായി തന്നെ നഷ്ട പരിഹാരം ഈടാക്കുന്നതിനായി വേണ്ടി വരുന്ന നിയമ നടപടികളിലേക്കും കമ്പനി കടക്കുകയാണ്. മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്ന് ഇതിനാൽ അറിയിക്കുന്നു. മാമാങ്കം സിനിമയുടെ പേരിൽ സജീവ് എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകൾ നടത്തിയാൽ അതിനു കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളല്ല.
 
എം. പദ്മകുമാർ എന്ന മികച്ച സംവിധായകന്റെ ക്രാഫ്‌റ്റിംഗ് മികവിനൊപ്പം ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധർകൂടി ചേരുമ്പോൾ മലയാളത്തിൽ നിന്ന് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ചലച്ചിത്രം ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.ഏവരുടെയും സഹായ സഹകരണങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി.
 
വേണു കുന്നപ്പിള്ളി
പ്രൊഡ്യൂസർ
28/01/2019
കൊച്ചി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ലാസ് പടത്തിന് മാസ് വരവേൽപ്പ്, അത്ഭുതസ്തബ്ധരായി തമിഴ് സിനിമ ലോകം; ആവേശത്തേരിൽ തമിഴ്നാട്ടിലെ മമ്മൂട്ടി ആരാധകർ