അടിമുടി മാറ്റവുമായി മാമാങ്കം; മമ്മൂട്ടി ചിത്രത്തിലേക്ക് എം പദ്മകുമാറും, പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലേക്ക്?

തിങ്കള്‍, 7 ജനുവരി 2019 (10:03 IST)
സജീവ് പിള്ളയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജനുവരി അവസാനം എറണാകുളത്ത് ആരംഭിക്കും. ചിത്രത്തിൽ ആദ്യം മുതൽ തന്നെ ചില പ്രതിസന്ധികൾ ഉണ്ടായിരുന്നു. സംവിധായകൻ അറിയാതെ പല മാറ്റങ്ങളും അണിയറയിൽ നടന്നിരുന്നു. 
 
ക്വീൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ധ്രുവൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് ആദ്യം മുതൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ധ്രുവനെ ചിത്രത്തിൽ നിന്ന് പുറത്താക്കുകയുണ്ടായി. എന്നാൽ ഇതൊന്നും സംവിധായകന്റെ അറിവോടെ അല്ലെന്നാണ് മറ്റൊരു വസ്‌തുത. സംവിധായകനെ മാറ്റി എന്ന വാർത്തയി സത്യമില്ലെന്ന് സജീവ് പിള്ള തന്നെ വ്യക്തത തന്നതാണ്.
 
എന്നാൽ, വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന മാമാങ്കത്തിന്റെ ടീമിലേക്ക് സംവിധായകന്‍ എം പദ്മകുമാര്‍ ചേരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സെറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ആശയവിനിമയം കൂടുതല്‍ സുഗമമാക്കുന്നതിനും ക്രിയേറ്റിവായ നിര്‍ദേശങ്ങള്‍ക്കുമായാണ് പദ്മകുമാറിനെ സമീപിച്ചിരിക്കുന്നതെന്നാണ് സൂചന.
 
നേരത്തേ മോഹന്‍ലാല്‍ ചിത്രം ഒടിയനും ചിത്രീകരണ വേളയില്‍ സമാനമായ വാര്‍ത്തകളിലൂടെയും പ്രശ്‌നങ്ങളിലൂടെയും കടന്നു പോയിരുന്നു. അവിടെയും പദ്മകുമാര്‍ തന്നെയാണ് പുതുമുഖ സംവിധായകനായ വി എ ശ്രീകുമാറിനെ സഹായിക്കാനും ചില പ്രശ്‌നങ്ങളിൽ പരിഹാരം കാണുന്നതിനുമായും എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍