ക്ലാസ് പടത്തിന് മാസ് വരവേൽപ്പ്, അത്ഭുതസ്തബ്ധരായി തമിഴ് സിനിമ ലോകം; ആവേശത്തേരിൽ തമിഴ്നാട്ടിലെ മമ്മൂട്ടി ആരാധകർ

ചൊവ്വ, 29 ജനുവരി 2019 (10:21 IST)
പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന പടമാണ് റാമിന്റെ പേരൻപ്. വമ്പൻ വരവേൽപാണ്‌ സിനിമയ്ക്ക് റിലീസിന് മുൻപ് തന്നെ ലഭിക്കുന്നത്. നിലവിൽ തമിഴിലെ സൂപ്പർ താരങ്ങൾക്ക് പോലും ലഭിക്കാത്ത ആദരവ് മമ്മൂട്ടിക്ക് ലഭിക്കുന്നു എന്ന് മനസ്സിലാക്കിയാലും അത്ഭുതപെടാൻ ഇല്ല. 
 
സിനിമ റിലീസിന് മുന്നേ തമിഴ് രസികർ മൻട്രം എല്ലാ ജില്ലയിലും പുനഃ സംഘടിപ്പിക്കപ്പെടുക, പത്തോളം ഫാൻസ്‌ ഷോകൾ ആഴ്ചകൾക്കു മുന്നേ ഉറപ്പിക്കുക, അതിന്റെ ആദ്യ ടിക്കറ്റ് സംസ്ഥാനത്ത ഒരു മുതിർന്ന മന്ത്രി തന്നെ ഏറ്റു വാങ്ങുക തുടങ്ങി സ്വപ്ന സമാനമായ തുടക്കമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 
 
തമിഴ്നാട് ഗ്രാമ വികസന മന്ത്രി എസ് പി വേലുമണി കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ ആദ്യ ടിക്കറ്റ് ഫാൻസ്‌ പ്രവർത്തകരിൽ നിന്നും ഏറ്റു വാങ്ങിയിരുന്നു. ചെന്നൈ എഫ്‌സിയിൽ ജോയിൻ ചെയ്ത ഫുട്ബോൾ താരം സി കെ വിനീത് ആണ് ചെന്നെയിലെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത്. 
 
ചിത്രത്തിലെ നായികമാരിൽ ഒരാളായ അഞ്ജലി അമീറിനും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ നായികയാകുന്ന എന്ന പ്രത്യേകതയും പേരൻപിനുണ്ട്. ഇപ്പോൾ സിനിമയുടെ പ്രചാരണത്തിന് ട്രാൻസ്‌ജെണ്ടറുകളും ആരാധകർക്കൊപ്പം കൂടിയിട്ടുണ്ട്. കോയമ്പത്തൂരിലെ  മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകരോട് ചേർന്നാണ് ഇവരുടെയും  പ്രവർത്തനം. 
 
റിലീസിനും നിരവധി പരിപാടികൾ പ്ലാൻ ചെയ്തിരിക്കുകയാണ് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ തമിഴ് നാട് ഘടകം. ക്ലാസ് സിനിമയാണ് എന്നറിഞ്ഞിട്ടും "മാസ്സ് "വരവേൽപാണ്‌ തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ തമിഴിലെ രണ്ടാം വരവിനായി തമിഴ് ആരാധകർ ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍