സാക്ഷാല്‍ രജനിയെ വിറപ്പിച്ച പ്രതി'വി'നായകന്‍; മമ്മൂട്ടിക്ക് വെച്ച റോളില്‍ കസറി

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (16:17 IST)
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. ഇന്ത്യയില്‍ ഒട്ടാകെ ഹൗസ്ഫുള്‍ ഷോകളുടെ ബഹളമാണ്. തലൈവര്‍ രജനികാന്തിന്റെ തിരിച്ചുവരവെന്നാണ് ജയിലര്‍ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മോഹന്‍ലാലിന്റെ അതിഥി വേഷവും കയ്യടികള്‍ വാരിക്കൂട്ടി. മലയാളത്തില്‍ നിന്ന് മറ്റൊരു പ്രമുഖ താരം കൂടി ജയിലറിന്റെ ഭാഗമായിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച വിനായകന്‍. ജയിലറില്‍ രജനിയുടെ വില്ലനായാണ് വിനായകന്‍ എത്തുന്നത്. രജനികാന്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രതിനായകനെന്നാണ് വിനായകന്റെ കഥാപാത്രത്തെ കുറിച്ച് ആരാധകരുടെ അഭിപ്രായം. 
 
'ബാഷയിലെ രഘുവരനെ പോലെ പടയപ്പയിലെ രമ്യ കൃഷ്ണനെ പോലെ ദളപതിയിലെ അമരീഷ് പുരിയെ പോലെ മറ്റൊരു പവര്‍ഫുള്‍ പ്രതിനായക കഥാപാത്രത്തെ വീണ്ടുമൊരു രജനി ചിത്രം സമ്മാനിച്ചിരിക്കുകയാണ്' ജയിലറിലെ വിനായകനെ കുറിച്ച് ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ വന്ന വരിയാണ്. വര്‍മന്‍ എന്നാണ് ചിത്രത്തില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ ഓരോ ഫ്രെയ്മിലും രജനികാന്തിന്റെ ശക്തനായ പ്രതിനായകന്‍ ആകാന്‍ വിനായകന് സാധിച്ചു. 
 
രജനിയുടെ കഥാപാത്രത്തിനു നേരിടേണ്ടത് ഇത്രയും പവര്‍ഫുള്‍ ആയ ഒരു വില്ലനെയാണല്ലോ എന്ന് ആദ്യ സീന്‍ മുതല്‍ പ്രേക്ഷകര്‍ക്ക് തോന്നിപ്പിക്കുന്ന രീതിയിലാണ് വിനായകന്‍ തന്റെ കഥാപാത്രത്തിനു ജീവന്‍ നല്‍കിയിരിക്കുന്നത്. ചില സമയത്തെല്ലാം സാക്ഷാല്‍ രജനിക്ക് മുകളില്‍ സ്‌കോര്‍ ചെയ്യാനും വിനായകന് സാധിച്ചെന്നാണ് പ്രേക്ഷര്‍ ഒന്നടങ്കം പറയുന്നത്. വിനായകന്റെ കരിയറില്‍ ഈ കഥാപാത്രം ഏറെ നിര്‍ണായകമാകുമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രജനിയുമായുള്ള കോംബിനേഷന്‍ സീനുകളിലെല്ലാം വിനായകന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 
 
ചെറിയൊരു പിഴവ് വന്നാല്‍ അമിതാഭിനയമാകാന്‍ സാധ്യതയുണ്ടായിരുന്ന കഥാപാത്രത്തെയാണ് തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ടും വിനായകന്‍ മികച്ചതാക്കിയത്. രജനിയുടെ കരിയറിലെ മികച്ച വില്ലന്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യ അഞ്ചില്‍ ഉറപ്പായും വിനായകന്‍ ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 
 
മമ്മൂട്ടിക്കായി തയ്യാറാക്കിയ കഥാപാത്രമാണ് അവസാനം വിനായകനിലേക്ക് എത്തിയത്. ദക്ഷിണേന്ത്യയിലെ ഒരു സൂപ്പര്‍താരത്തെ ഈ ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി താനും സംവിധായകന്‍ നെല്‍സണും സമീപിച്ചിരുന്നെന്ന് രജനി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ആ താരം വില്ലന്‍ വേഷം ചെയ്യാന്‍ സമ്മതിച്ചതാണെന്നും പിന്നീട് ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ അദ്ദേഹത്തെ മാറ്റി വിനായകനെ കൊണ്ടുവന്നതാണെന്നുമാണ് രജനി പറഞ്ഞത്. ജയിലറിനെ വില്ലന്‍ വേഷത്തിനായി നെല്‍സണും രജനിയും സമീപിച്ചത് മമ്മൂട്ടിയെയാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article