'നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവർ വെറും ഞരമ്പ് രോഗികള്‍ മാത്രം'

Webdunia
തിങ്കള്‍, 16 ജൂലൈ 2018 (11:23 IST)
'മൈ സ്‌റ്റോറി'യ്‌ക്കെതിരെ വ്യാപകമായ ഓൺലൈൻ ആരോപണങ്ങൾ നടക്കുകയാണെന്ന് സംവിധായക റോഷ്‌നി ദിനകർ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആൾക്കാർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള വി സി അഭിലാഷിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
വി സി അഭിലാഭിഷന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
 
‘സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരിലാണോ അവര്‍ ഇന്നറിയപ്പെടുന്നത്? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവര്‍ക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവിൽ‍, വിദ്യാ സമ്പന്നരും സംസ്‌കാര സമ്പന്നരുമായ ഒട്ടേറെപ്പേര്‍ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തില്‍ ഈ ഫാന്‍സ് അസോസിയേഷനുകളുടെ മുഖമെന്താണ്?
 
മൈ സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോര്‍ത്ത് സങ്കടപ്പെടുകയാണ്. പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് അവര്‍ നേരിടുന്നത്. അതിന്റെ പിന്നിലെ കാരണങ്ങള്‍ ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യേണ്ടതല്ലേ?
 
മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കില്‍ ആ തരത്തിലുള്ള വിമര്‍ശനമാണ് ഉന്നയിക്കേണ്ടത്. അല്ലാതെ ലിപ്‌ലോക്ക് ചെയ്തതിന്റെ പേരില്‍ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാന്‍സ് എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികള്‍ എന്നെ വിളിക്കാനാവൂ. അക്കൂട്ടര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികള്‍ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ? ഫാന്‍സ് അസോസിയേഷനുകളുടെ നേതാക്കള്‍ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താന്‍ മുന്‍കൈയെടുക്കണം.

അനുബന്ധ വാര്‍ത്തകള്‍

Next Article