കൂടെ- വാക്കുകളിൽ ഒതുങ്ങാത്ത ഒരു ഫീൽ ഗുഡ് മൂവി!

എസ് ഹർഷ

ശനി, 14 ജൂലൈ 2018 (14:54 IST)
അഞ്ജലി മേനോനെ പോലെ മനുഷ്യബന്ധങ്ങളുടെ തീവ്രത ഇത്രയും മനോഹരമായി എഴുതിയ മറ്റൊരു തിരകഥാകൃത്ത് ഈ അടുത്ത കാലത്ത് കാണില്ല. ആദ്യ സിനിമയായ മഞ്ചാടിക്കുരു മുതൽ ഇപ്പോഴിറങ്ങിയ ‘കൂടെ’ വരെ അത് വ്യക്തമായി വരച്ചുകാണിക്കുന്നു. 
 
നീണ്ട ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം തിരിച്ചെത്തുന്ന സിനിമ, പൃഥ്വിരാജിന്റെ നൂറാമത്തെ സിനിമ അങ്ങനെ പോകുന്ന ‘കൂടെ’യുടെ പ്രത്യേകതകൾ. നൂറിന് മുകളിൽ കേന്ദ്രങ്ങളിൽ വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തിയത്. അഞ്ജലി മേനോൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്.  
 
കഥ ആരംഭിക്കുന്നത് ദുബായിലാണ്. 15 വയസ്സ് മുതൽ ദുബായിൽ ജോലി ചെയ്തു വരുന്ന ജോഷ്വായ്ക് നാട്ടിൽ നിന്നും ഒരു കോൾ വരുന്നു, ഉടൻ വീട്ടിലെത്തണം. അവിടെ നിന്നുമാണ് കഥ പ്രേക്ഷകനെ വലയം ചെയ്യുന്നത്. നാട്ടിലേക്ക് തിരിക്കുന്ന ജോഷ്വായുടെ സന്തോഷവും ആകുലതകളും പ്രേക്ഷകനെ കൂടി സ്വാധീനിക്കുന്ന രീതിയാണ് പിന്നീട് സംവിധായിക അഞ്ജലി മേനോൻ കഥ കൊണ്ടുപോകുന്നത്. 
 
ജോഷ്വാ ആയി പൃഥ്വിരാജ് എത്തുമ്പോൾ സഹോദരി ജെന്നിയായി നസ്രിയയും എത്തുന്നു. സഹോദര ബന്ധം കാണിച്ചു തരുന്ന ആദ്യ പകുതിയിൽ നിറഞ്ഞുനിൽക്കുന്നത് നസ്രിയ ആണ്. കുട്ടിക്കളി മാറാത്ത കുറുമ്പത്തിയായ അനുജത്തിയായാണ് നസ്രിയ എത്തുന്നത്. ഹൃദയത്തിൽ സ്പർശിക്കുന്ന സംഭാഷണങ്ങളാണ് ചിത്രത്തിലുടനീളം. ജോഷ്വായുടെ ഓരോ അവസ്ഥയും ഒപ്പിയെടുക്കുന്ന ക്യാമറ.  
 
പതിവ് പോലെ പക്വത നിറഞ്ഞ പ്രകടനവുമായി പൃഥ്വിരാജും പാർവ്വതിയും മികച്ചു നിന്നു. ജോഷ്വയ്ക്കും ജെന്നിക്കുമൊപ്പം പതുക്കെ വേണം നമ്മളും യാത്ര ചെയ്യാൻ. അവരുടെ ഇമോഷൺസും ഫീലിംഗ്സും തിരിച്ചറിഞ്ഞുള്ള ഒരു യാത്ര. അഞ്ജലിയുടെ സ്ലോ ട്രീറ്റ്‌മെന്റിന് രഘു ദിക്ഷിത്തിന്റെ സംഗീതവും ലിറ്റിൽ സ്വയംപിന്റെ ഛായാഗ്രഹണവും മിഴിവേകി. 
 
രണ്ടാം പകുതിയിൽ തന്നെയാണ് അഞ്ജലി മേനോൻ ചിത്രങ്ങളുടെ എല്ലാ പ്രധാന കഥയും. കൂടെയും അങ്ങിനെ തന്നെയാണ്. പൃഥ്വിരാജ് ഫാൻസ് ആഘോഷമാക്കി മാറ്റുകയാണ് കൂടെയുടെ വരവ്. അതിന്റെ തെളിവ് തന്നെയാണ് ഓരോ തീയറ്ററിലെയും നിറഞ്ഞ സദസ്. എങ്കിലും പ്രേക്ഷകരിൽ പലരും പോരായ്മയായി പറയുന്നത് ലാഗാണ്. ഫീൽ ഗുഡ് മൂവി എന്ന് മനസിലാക്കി പോയാൽ ആരെയും നിരാശപ്പെടുത്തില്ല. 
(റേറ്റിംഗ്‌- 3.5/5)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍