Thudarum Budget: ഇത്ര ചെറിയ ബജറ്റിലാണോ 'തുടരും' ഒരുക്കിയിരിക്കുന്നത്? നേടിയത് ഇരട്ടിയിലേറെ !

രേണുക വേണു

ചൊവ്വ, 29 ഏപ്രില്‍ 2025 (12:07 IST)
Thudarum Budget: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ബോക്‌സ്ഓഫീസില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. റിലീസ് ചെയ്തു നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും മിക്ക തിയറ്ററുകളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. അതിനിടെയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. 
 
ഏകദേശം 28 കോടി രൂപയാണ് തുടരും സിനിമയുടെ നിര്‍മാണ ചെലവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ചിത്രത്തിന്റെ 90 ശതമാനം ഷൂട്ടിങ്ങും കേരളത്തില്‍ ആയിരുന്നതിനാലാണ് ബജറ്റ് കുറഞ്ഞത്. 
 
അതേസമയം കേരള കളക്ഷന്‍ കൊണ്ട് മാത്രം തുടരും ബജറ്റ് മറികടന്നിരിക്കുകയാണ്. ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 30 കോടി കളക്ട് ചെയ്യാന്‍ മോഹന്‍ലാല്‍ ചിത്രത്തിനു സാധിച്ചു. വര്‍ക്കിങ് ഡേ ആയിട്ടും ഇന്നലെ (തിങ്കള്‍) കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 7.15 കോടിയാണ് കളക്ഷന്‍. ആദ്യദിനം 5.25 കോടിയായിരുന്നെങ്കില്‍ രണ്ടാം ദിനം അത് 8.6 കോടിയും മൂന്നാം ദിനത്തിലേക്ക് എത്തിയപ്പോള്‍ 10.5 കോടിയും ആയി ഉയര്‍ന്നു. വേള്‍ഡ് വൈഡ് കളക്ഷന്‍ ആണെങ്കില്‍ 70 കോടിയിലേക്ക് അടുക്കുകയാണ്. 

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണ്. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഒരു ഫാന്‍ ബോയ് സിനിമ എന്ന നിലയിലാണ് തരുണ്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതല്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍