Thudarum Day 2 Box Office: ബോക്‌സ്ഓഫീസില്‍ 'ബെന്‍സ്' താണ്ഡവം; അറിയാലോ മോഹന്‍ലാലാണ് !

രേണുക വേണു

ഞായര്‍, 27 ഏപ്രില്‍ 2025 (08:48 IST)
Thudarum Day 2 Box Office: ബോക്‌സ്ഓഫീസില്‍ 'തുടരും' തരംഗം. ആദ്യദിനത്തേക്കാള്‍ മികച്ച കളക്ഷന്‍ നേടാന്‍ മോഹന്‍ലാല്‍ ചിത്രത്തിനു രണ്ടാം ദിനം കഴിഞ്ഞു. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ദിനമായ ഇന്നലെ ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ എട്ട് കോടി കടന്നു. 
 
ആദ്യദിനം 5.25 കോടിയാണ് 'തുടരും' ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് എട്ടര കോടിക്ക് അടുത്തുണ്ട്. രണ്ട് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷന്‍ 13 കോടി കടന്നു മുന്നേറുകയാണ്. വേള്‍ഡ് വൈഡ് കളക്ഷന്‍ 30 കോടിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സൂചന. ബുക്ക് മൈ ഷോയില്‍ ഇന്നലെ മാത്രം നാല് ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. 
 
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണ്. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഒരു ഫാന്‍ ബോയ് സിനിമ എന്ന നിലയിലാണ് തരുണ്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതല്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍