മോഹന്‍ലാല്‍ ചിത്രം തുടരും കേരള ബോക്‌സോഫിസിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ദൃശ്യം സമയത്തിറങ്ങിയ, പുലിമുരുകൻ സമയത്തിറങ്ങിയ ഒരു ഓളമാണ് ഇപ്പോൾ. വലിയ ഹൈപ്പൊന്നുമില്ലാതെ ഇറങ്ങിയ ചിത്രം തിയേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറി. വെക്കേഷൻ സമയം കൂടി ആയതോടെ ആളുകൾ കൂട്ടമായി മോഹൻലാൽ സിനിമയ്ക്കായി ടിക്കറ്റെടുക്കുന്നു.
ഇന്നലെ രാത്രി മിക്ക ഇടങ്ങളിലെയും റോഡുകളില്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക് ബ്ലോക്കാണ് നേരിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കൊച്ചി എംജി റോഡിലെ കവിത തിയേറ്ററില്‍ ഇന്നലെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട ബ്ലോക്കാണ് ഇവിടെ എംജി റോഡിന് സമീപം ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം ആദ്യദിനം സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനം കേരളത്തിൽ നിന്നും മാത്രം അഞ്ച് കോടിയാണ് ചിത്രം നേടിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എമ്പുരാന്‍ സിനിമയുടെ ടിക്കറ്റ് വില്‍പ്പനയിലെ റെക്കോഡുകള്‍ തുടരും തിരുത്തിയിട്ടുണ്ട്. പ്രദര്‍ശനത്തിന് എത്തി ആദ്യ മണിക്കൂറുകള്‍ക്കുളളില്‍ 30കെയിലധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.