500 കോടി തൊട്ടത് മമ്മൂട്ടി മാത്രം, ആവറേജ് ഗ്രോസിൽ മോഹൻലാൽ തന്നെ; കോവിഡാനന്തര ബോക്‌സ്ഓഫീസ് കണക്കുകൾ

നിഹാരിക കെ.എസ്

ശനി, 26 ഏപ്രില്‍ 2025 (13:23 IST)
പല താരങ്ങളുടെയും താരമൂല്യം നിർണയിക്കുന്നത് ബോക്സോഫീസ് ഫലമാണ്. ചിത്രങ്ങളുടെ ജയപരാജയം മുൻപ് കണക്കുകൂട്ടിയിരുന്നത് കൂടുതൽ ദിവസം ഓടുന്ന സിനിമ എന്ന തരത്തിലായിരുന്നു. എന്നാൽ, ഇന്ന് അത് കൂടുതൽ പണം വരുന്നതിനെ അനുസരിച്ച് ഇരിക്കുന്നു. കളക്ഷൻ കണക്കുകൾക്ക് ഇത്രയും പ്രാധാന്യം വന്നത് കൊവിഡാനന്തരം ആണ്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും വലിയ രണ്ട് താരങ്ങളുടെ കൗതുകകരമായ ഒരു ബോക്സ് ഓഫീസ് പട്ടിക പുറത്തെത്തിയിരിക്കുകയാണ്.
 
കൊവിഡ് കാലത്തിന് ശേഷമുള്ള മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളുടെ ആകെ കളക്ഷനും അവയുടെ വിലയിരുത്തലുമാണ് അത്. ഇത് പ്രകാരം കൊവിഡ് കാലത്തിന് ശേഷമുള്ള തിയേറ്ററിൽ ഇറങ്ങിയ സിനിമകളിൽ നിന്നും 500 കോടിയിൽ അധികം നേടിയത് മമ്മൂട്ടിയാണ്. മമ്മൂട്ടി സിനിമകളുടെ കളക്ഷൻ 500 കോടി കഴിഞ്ഞു. എന്നാൽ മോഹൻലാൽ ചിത്രങ്ങൾ 500 കോടി പിന്നിട്ടിട്ടില്ല. 
 
കൊവിഡിന് ശേഷം തിയറ്റർ റിലീസുകൾ കൂടുതൽ ഉണ്ടായിരുന്നത് മമ്മൂട്ടിക്കാണ്. ദി പ്രീസ്റ്റ് മുതൽ അവസാനമിറങ്ങിയ ബസൂക്ക വരെ മമ്മൂട്ടിയുടേതായി 13 ചിത്രങ്ങളാണ് ഇക്കാലയളവിൽ പുറത്തെത്തിയത്. മോഹൻലാലിന്റേതായി 8 സിനിമകളാണ് തിയേറ്ററിൽ റിലീസിനെത്തിയത്. മരക്കാർ മുതൽ എമ്പുരാൻ വരെയുള്ള മോഹൻലാൽ ചിത്രങ്ങൾ നേടിയത് 478 കോടിയാണ്. ട്രാക്കർമാരായ സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ഇത് സമാഹരിച്ചിരിക്കുന്നത്. 
 
ഇക്കാലയളവിൽ ഇറങ്ങിയ മമ്മൂട്ടി സിനിമകളിൽ ഏറ്റവും കുറവ് കളക്ഷൻ ലഭിച്ചത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ആയിരുന്നു. 10.2 കോടിയാണ് ഈ സിനിമ നേടിയത്. മോഹൻലാലിന്റെ എലോൺ ആണ് ഏറ്റവും കുറവ് നേടിയത്. വെറും 1.1 കോടി മാത്രമായിരുന്നു ഈ സിനിമയുടെ ഫൈനൽ കളക്ഷൻ. ഒടിടി റിലീസ് ആയി പ്ലാൻ ചെയ്തിരുന്ന എലോൺ പിന്നീട് തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു. മോഹൻലാൽ മാത്രം അഭിനേതാവായി എത്തിയ ചിത്രമായിരുന്നു അത്.
 
അതേസമയം ഏറ്റവും കളക്ഷൻ ലഭിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ ആണെങ്കിൽ മമ്മൂട്ടിയ്ക്ക് അത് ഭീഷ്മ പർവ്വമാണ്. എമ്പുരാൻ ഫൈനൽ കളക്ഷൻ 262 കോടി ആണ്. ഭീഷ്മയുടെ നേട്ടം 88.1 കോടിയാണ്. അതേസമയം സിനിമകളുടെ എണ്ണം എടുത്ത് നോക്കുമ്പോൾ മമ്മൂട്ടിക്കാൻ കൂടുതൽ, 13 സിനിമ. മോഹൻലാലിന് 8 സിനിമയാണുള്ളത്. ഇതിനാൽ മോഹൻലാലിനാണ് മികച്ച അവറേജ് ഗ്രോസ്. 60 കോടിയാണ് കൊവിഡ് അനന്തര കാലത്ത് മോഹൻലാൽ ചിത്രങ്ങൾ തിയറ്ററുകളിൽ നേടിയ ആവറേജ് കളക്ഷൻ. എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ച് ഇത് 39 കോടിയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍