അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി. “പിറന്നാളാശംസകള്‍ ബാലാ…നമ്മള്‍ പങ്കുവച്ച ഓര്‍മ്മകള്‍,തമാശകള്‍, ആ ചിരി എല്ലാം ഞാന്‍ എന്നെന്നും ഓര്‍മിക്കും.. നീ എനിക്കെന്നും സ്പെഷ്യല്‍ ആയ വ്യക്തിയായിരുന്നു, ഇനിയും അതങ്ങനെ തന്നെയാകും.. ഞാന്‍ നിന്നെ ഭയങ്കരമായി മിസ് ചെയ്യുന്നു…”ബാലഭാസ്‌കറിനും ശിവമണിക്കും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് സ്റ്റീഫന്‍ കുറിച്ചു.
ഉറ്റസുഹൃത്തുക്കളായിരുന്ന സ്റ്റീഫനും ബാലഭാസ്‌കറും ഒന്നിച്ച് കേരളത്തിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളില്‍ പരിപാടികളുമായെത്തി, സംഗീതാസ്വാദകമനസുകളെ കീഴടക്കിയിട്ടുണ്ട്. കീബോര്‍ഡെടുത്ത് സ്റ്റീഫനും വയലിനുമായി ബാലഭാസ്‌ക്കറും വേദിയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ അവിടെ ഫ്യൂഷന്‍ മ്യൂസികിന്റെ അലയടികളായിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് ബാലഭാസ്‌കറിനെ മലയാളികള്‍ക്ക് നഷ്ടമാകുന്നത്. മകള്‍ തേജസ്വിനി ബാല അപകടദിവസവും ബാലഭാസ്‌കര്‍ ഒക്ടോബര്‍ 2-ന് പുലര്‍ച്ചെയുമാണ് മരിച്ചത്. മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് പിച്ച വെച്ച് തുടങ്ങിയത്.