ബാലഭാസ്‌കറിന്റെ മരണം: ഇനി വ്യക്തത വേണ്ട 5 കാര്യങ്ങള്‍

തിങ്കള്‍, 1 ജൂലൈ 2019 (14:56 IST)
ബാലഭാസ്‌കറിന്റെ അപകടമരണത്തെ ചുറ്റിപ്പറ്റിയുളള ദുരൂഹതകളുടെ യൂ ടേണായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങൾ‍. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കം വലിയ കണ്ണികളുളള തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്നു എന്നതാണ് വിവാദമായത്. 
 
അറസ്റ്റിലായ ഇവരെ ചുറ്റിപ്പറ്റി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും അപകടമരണവും സ്വര്‍ണക്കടത്തും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന തെളിവുകള്‍ ഇതുവരെ കിട്ടിയിട്ടില്ല. ശാസ്ത്രീയ അന്വേഷണം അടക്കം പുരോഗമിക്കുമ്പോഴും നിരവധി ചോദ്യങ്ങളാണ് അപകട മരണം ഉയര്‍ത്തുന്നത്.
 
1.അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് ഇനി വാഹനത്തില്‍ നിന്ന് ലഭിച്ച മുടി, രക്തക്കറ എന്നിവയുടെ ശാസ്ത്രീയ പരിശോധനഫലം ലഭിക്കണം
 
2. ബാലഭാസ്‌കറുമായി ബന്ധമുണ്ടായിരുന്നവരും സ്വര്‍ണക്കടത്ത് കേസിൽ പ്രതികളായ  പ്രകാശ് തമ്പി, വിഷ്ണു എന്നിവരും ഡ്രൈവര്‍ അര്‍ജുന്‍, ജിഷ്ണു എന്നിവരുടെയും ക്രിമിനല്‍ പശ്ചാത്തലം അറിയണം. ഇതിനായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയെ പൊലീസ് സമീപിച്ചു.
 
3. വാഹനാപകടം നടക്കുന്ന സമയത്തെ റോഡിന്റെ അവസ്ഥ, റോഡില്‍ ആ നേരത്ത് വെളിച്ചമുണ്ടായിരുന്നോ എന്നിവ അറിയണം. വേണ്ടത് ദേശീയപാത അതോറിറ്റിയെയുടെയും കെഎസ്ഇബിയെയുടെയും മറുപടി.
 
4. പ്രകാശ് തമ്പി, വിഷ്ണു, അര്‍ജുന്‍, ഡോ.രവീന്ദ്രനാഥ്, ലത, ബാലഭാസ്‌കര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ‍. ഇതിനായി ആര്‍ബിഐയെ സമീപിച്ചിട്ടുണ്ട് പൊലീസ്. കൂടാതെ ഇവരുടെ ഭൂമിയുടെയും മറ്റ് സ്വത്തുക്കളുടെയും വിവരങ്ങള്‍ക്കായി കളക്ടറുടെയും രജിസ്‌ട്രേഷന്‍ വകുപ്പിന്റെയും സഹായം തേടി.
 
5. ബാലഭാസ്‌കറിന്റെ സ്വത്തുക്കള്‍ വേറെ ആരെങ്കിലും  കൈവശം വെച്ച്  ഉപയോഗിക്കുന്നുണ്ടോയെന്ന് അറിയണം. ഇതില്‍ അന്വേഷണം നടക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍