ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സൂത്രവാക്യം സിനിമയുടെ ഐസിസിക്ക് മൊഴി നല്‍കി നടി വിന്‍സി അലോഷ്യസ്. നടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം. ഐസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഷൈനിനെതിരെ നിയമ നടപടിക്ക് ഇല്ലെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു.
മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാകില്ലെന്നും വിന്‍സി പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളില്‍ തൃപ്തിയുണ്ടെന്നും വിന്‍സി അലോഷ്യസ് വ്യക്തമാക്കി. പോലീസില്‍ പരാതി നല്‍കാന്‍ താത്പര്യമില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നുമുള്ള തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്നും വിൻസി അറിയിച്ചു.
അതേസമയം ഷൈന്‍ ടോം ചാക്കോയും പരാതിയില്‍ മൊഴി നല്‍കാനെത്തിയിരുന്നു. കുടുംബ സമേതമാണ് ഷൈന്‍ ടോം ചാക്കോ മൊഴി നല്‍കാനെത്തിയത്. അമ്മയും അച്ഛനും ഷൈനിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഷൈനിനെതിരായ പരാതിയിലെ വിവരങ്ങള്‍ പുറത്ത് വന്നതില്‍ അതൃപ്തിയുണ്ടെന്ന് വിന്‍സി പറഞ്ഞു. താനും ഷൈനും ഒരുമിച്ചും ഒറ്റയ്ക്കും മൊഴി നല്‍കിയെന്ന് വിന്‍സി മാധ്യമങ്ങളോട് പ്രതികരിച്ചു.