ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ സൈനികര്‍ക്ക് അറബി ഭാഷയും ഇസ്ലാമിക പഠനവും നിര്‍ബന്ധമാക്കി. ഇസ്രായേലി പ്രതിരോധ സേനയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ഒക്ടോബര്‍ 7നുണ്ടായ ഇന്റലിജന്‍സ് പരാജയത്തെ തുടര്‍ന്നാണ് നടപടിയെന്ന് സൈനിക വക്താവ് വ്യക്തമാക്കി. അടുത്തവര്‍ഷം അവസാനത്തോടെ ഉദ്യോഗസ്ഥരില്‍ 100ശതമാനം പേരും ഇസ്ലാമിക പഠനത്തില്‍ പരിശീലനം നേടും.
50 ശതമാനം പേര്‍ അറബി ഭാഷയിലും പരിശീലനം നേടും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ വിശകലനശേഷി ശക്തിപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ അറബി ഇസ്ലാമിക വിദ്യാഭ്യാസത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കുമെന്നും സൈനിക വക്താവ് അറിയിച്ചിട്ടുണ്ട്. അതേസമയം പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ഒക്ടോബര്‍ 7നുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിക്കുന്നതിന് സമാനമായ നീക്കമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതാണ് ഫ്രാന്‍സിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു.
ഫ്രഞ്ച് ചരിത്രത്തിലെ കറുത്ത ഏടാണിതെന്നും ഭീകരവാദത്തിനുള്ള സഹായമാണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. അതേസമയം ഫ്രാന്‍സിന്റെ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു. പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആണ് പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.