50 കോടിയും പിന്നിട്ട് മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ. ചിത്രം ഹിന്ദി പ്രേക്ഷകരും ഏറ്റെടുത്തതോടെ 34 സ്‌ക്രീനുകളില്‍ നിന്നും 350 സ്‌ക്രീനുകളിലേക്ക് ചിത്രം മാറി. ഇതിനിടെ സിനിമയെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയും രംഗത്തെത്തിയിരിക്കുകയാണ്. സിനിമ കാണുമെന്നാണ് അദ്ദേഹം പറയുന്നത്.
മാര്‍ക്കോ സിനിമയ്ക്ക് ലഭിക്കുന്നത് പോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങളും പ്രശംസകളും ഇതിന് മുമ്പ് ഒരു സിനിമയ്ക്കും താന്‍ കേട്ടിട്ടില്ലെന്നും ചിത്രം കാണാന്‍ അക്ഷമനായി കാത്തിരിക്കുകയാണെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. ഉണ്ണി മുകുന്ദനാല്‍ താന്‍ കൊല്ലപ്പെടില്ല എന്നാണ് തന്റെ വിശ്വാസമെന്നും നടനെ ടാഗ് ചെയ്ത് ആര്‍ജിവി ട്വീറ്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദര്‍ശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്സ് വിറ്റ് പോയത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തിലെ സംഘട്ടനങ്ങള്‍ പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ് ഒരുക്കിയിരിക്കുന്നത്.